അബുദാബി/ ദോഹ: ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പുനസ്ഥാപിച്ച് എംബസികൾ തുറക്കാനുള്ള ആലോചനയിലാണ് യുഎഇയും ഖത്തറും. ജൂൺ മാസത്തോടെ സ്ഥാനപതികളെ നിയമിച്ച് എംബസികൾ അതാത് രാജ്യത്ത് പുനസ്ഥാപിക്കാനാണ് തീരുമാനം. ഖത്തറിന് മേൽ ഉപരോധമേർപ്പെടുത്തിയ നടപടി യുഎഇ, സൗദി അറേബ്യ, ബഹ്റൈൻ , ഈജിപ്ത് എന്നീ രാജ്യങ്ങൾ 2021 ൽ അവസാനിപ്പിച്ചിരുന്നു. പിന്നീട് ഗതാഗതവും ബിസിനസ് ഇടപാടുകളിലും നീക്കുപോക്കുകൾ വരുത്തിയിരുന്നെങ്കിലും എംബസി തുറക്കുന്ന കാര്യത്തിൽ ധാരണായാകുന്നത് 2 വർഷങ്ങൾക്ക് ശേഷമാണ്.
ഇതോടെ ഖത്തറുമായി നിലനിന്നിരുന്ന അസ്വാരസ്യങ്ങൾക്ക് വിരാമമാവുകയാണ്. ബഹ്റൈനും ഖത്തറും തമ്മിലുള്ള നയതന്ത്രബന്ധം പുനസ്ഥാപിക്കാനും കഴിഞ്ഞ ദിവസങ്ങളിൽ ധാരണയിലെത്തിയിരുന്നു. വിവിധ രാജ്യങ്ങൾ നീക്കത്തെ സ്വാഗതം ചെയ്തിരുന്നു. ജിസിസി സഹകരണം കൂടുതൽ ശക്തിപ്പെടുമെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്.