ദില്ലി: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ ഖലിസ്ഥാൻ അനുകൂലികൾ നടത്തിയ അക്രമത്തെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കും. ഹൈക്കമ്മീഷനിലുണ്ടായ അക്രമത്തെക്കുറിച്ച് നേരത്തെ ദില്ലി പൊലീസിൻ്റെ പ്രത്യേക സെല്ലായിരുന്നു അന്വേഷിച്ചു കൊണ്ടിരുന്നത്. പ്രത്യേക സെല്ലിൽ നിന്നും അന്വേഷണം ഏറ്റെടുക്കാൻ എൻഐഎയെ അനുവദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ഉത്തരവിന് പിന്നാലെ കേസിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ ഔദ്യോഗിക പകർപ്പ് തങ്ങൾക്ക് നൽകാൻ എൻഐഎ സ്പെഷ്യൽ സെല്ലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ മാസമാണ് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ ഉയർത്തിയ ത്രിവർണ്ണ പതാക ഒരു കൂട്ടം ഖലിസ്ഥാൻ പ്രതിഷേധക്കാർ പിടിച്ചെടുത്തത്. വിഘടനവാദ സംഘടനയായ ഖാലിസ്ഥാൻ്റെ പതാകകൾ വീശിയും ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കിയുമാണ് ഖലിസ്ഥാൻ വാദികൾ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ പ്രതിഷേധിച്ചത്. കഴിഞ്ഞ ആഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകുമായി ടെലിഫോണിൽ സംസാരിച്ച പ്രധാനമന്ത്രി മോദി ഹൈക്കമ്മീഷൻ്റേയും നയതന്ത്ര ഉദ്യോഗസ്ഥരുടേയും സുരക്ഷ ഉറപ്പാക്കണമെന്നും ബ്രിട്ടനിലെ ഇന്ത്യ വിരുദ്ധ – ഖലിസ്ഥാൻ പ്രവർത്തനങ്ങൾ തടയണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഹൈക്കമ്മീഷനിലെ അക്രമത്തെക്കുറിച്ച് നേരത്തെ തന്നെ കേന്ദ്ര സർക്കാർ യുകെ സർക്കാരുമായി സംസാരിച്ചിരുന്നു. നയതന്ത്രതലത്തിൽ യുകെയിൽ നടക്കുന്ന ഖലിസ്ഥാനി പ്രവർത്തനങ്ങളെക്കുറിച്ചും അവർ നടത്തുന്ന പ്രതിഷേധ പരിപാടികളെക്കുരിച്ചും ഇരുരാജ്യങ്ങളും ഇതിനോടകം ചർച്ച നടത്തിയിരുന്നു.
ന്യൂഡൽഹിയിൽ നടന്ന ചർച്ചകളിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ലയും യുകെ ഹോം ഓഫീസിലെ സ്ഥിരം സെക്രട്ടറി മാത്യു റൈക്രോഫ്റ്റും പങ്കെടുത്തിരുന്നു.ഖാലിസ്ഥാനി പ്രവർത്തനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും പ്രതികൾക്കെതിരെ നടപടിയെടുക്കണമെന്നും കൂടിക്കാഴ്ചയിൽ ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടിരുന്നു. യുകെയിലെ ഖാലിസ്ഥാനി സംഘടനകൾ ഇന്ത്യയിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പദ്ധതിയിടുന്നതായി ചർച്ചകളിൽ ഇന്ത്യ വ്യക്തമാക്കിയിരുന്നു.