തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസ്സ് സർവ്വീസ് മംഗളൂരു വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണോവിന് കത്തയച്ചു. സംസ്ഥാനത്തെ റെയിൽ പാളങ്ങളിലെ വളവുകൾ നികത്തി അതിവേഗം ട്രെയിനുകൾ ഓടിക്കാനുള്ള വഴിയൊരുക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
നിലവിൽ തിരുവനന്തപുരം മുതൽ കണ്ണൂർ വരെ പ്രഖ്യാപിച്ച വന്ദേഭാരത് റൂട്ടിൽ കാസർകോടിനെ കൂടി ഉൾപ്പെടുത്തി കണക്ടിവിറ്റി കൂട്ടണമെന്ന് കത്തിൽ സതീശൻ ആവശ്യപ്പെടുന്നു. വളരെ പരിമിതമായ റെയിൽവേ സൌകര്യങ്ങളുള്ള ജില്ലയാണ് കാസർകോടെന്നും കേരളത്തിൻ്റെ ഭാഗമായതിനാൽ ജില്ലയെ അവഗണിക്കരുതെന്നും കത്തിൽ സതീശൻ ചൂണ്ടിക്കാട്ടുന്നു. കർണാടകയുമായി അടുത്ത് സ്ഥിതി ചെയ്യുന്ന ജില്ലയെന്ന നിലയിൽ വന്ദേഭാരത് മംഗളൂരുവിലേക്ക് നീട്ടിയാൽ ജില്ലയിലെ ജനങ്ങൾക്ക് അത് ഗുണം ചെയ്യുമെന്നും സതീശൻ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്ത് നിലവിലുള്ള പാതയിൽ അത്യാധുനിക സിഗ്നൽ സംവിധാനങ്ങൾ ഏർപ്പെടുത്തിയും വളവുകൾ പരമാവധി നികത്തിയും അതിവേഗം ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ തയ്യാറാവണമെന്നും സതീശൻ കത്തിൽ ആവശ്യപ്പെടുന്നു.