ജമ്മു ആന്‍ഡ് കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മലിക്കിന്റെ വെളിപ്പെടുത്തല്‍ ഗൗരവമേറിയതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. വിഷയത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ജയറാം രമേശ് ആവശ്യപ്പെട്ടു.
സത്യം മൂടിവെക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇതില്‍ നിന്ന് കോണ്‍ഗ്രസ് പിന്തിരിയില്ല. പ്രധാനമന്ത്രി നിശബ്ദത വെടിയണമെന്നും ജയറാം രമേശ് ആവശ്യപ്പെട്ടു.
‘സര്‍ക്കാര്‍ വിശ്വസിക്കുന്നത് കുറച്ച് ഭരണത്തിലും കൂടുതല്‍ മൗനത്തിലുമാണ്. പ്രതിപക്ഷം ഉന്നയിക്കുന്ന പ്രശ്നത്തില്‍ മറുപടി പറയുക എന്നത് സര്‍ക്കാരിന്റെ കടമയാണ്. കോണ്‍ഗ്രസ് ഈ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ടേയിരിക്കും,’ ജയറാം രമേശ് പറഞ്ഞു.
എന്തുകൊണ്ടാണ് സൈനികര്‍ക്ക് വിമാനം നിഷേധിക്കപ്പെട്ടതെന്നും അദ്ദേഹം ചോദിച്ചു.
40 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്രസര്‍ക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് ഓണ്‍ലൈന്‍ മാധ്യമമായ ‘ദ വയറി’ന് നല്കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്.
പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന് പിഴവ് സംഭവിച്ചെന്ന് പ്രധാനമന്ത്രിയോട് പറഞ്ഞപ്പോള്‍ തന്നോട് അതിനെക്കുറിച്ച് മിണ്ടാതിരിക്കാന്‍ പറഞ്ഞുവെന്നും സത്യപാല്‍ മാലിക് പറഞ്ഞു.
‘സിആര്‍പിഎഫ് ജവാന്മാര് വിമാനം ആവശ്യപ്പെട്ടിരുന്നു. കാരണം ഇത്രയും വലിയ വാഹനവ്യൂഹം റോഡുമാര്‍ഗം പോകുന്നത് സുരക്ഷിതരായിരുന്നില്ല. രാജ്നാഥ് സിംഗിന്റെ മന്ത്രാലയത്തോടാണ് ചോദിച്ചത്. എന്നോടാണ് ചോദിച്ചിരുന്നതെങ്കില്‍ എങ്ങനെയെങ്കിലും തരപ്പെടുത്തി കൊടുക്കുമായിരുന്നു. അവര്‍ക്ക് അഞ്ച് വിമാനങ്ങളേ ആവശ്യമായിരുന്നുള്ളു. അത് കൊടുത്തില്ല. അന്ന് വൈകുന്നേരം ഞാന്‍ പ്രധാനമന്ത്രിയോട് പറഞ്ഞു, ഇത് നമ്മുടെ തെറ്റുകൊണ്ടാണ് സംഭവിച്ചിരിക്കുന്നത്. നമ്മള് വിമാനം അനുവദിച്ചിരുന്നെങ്കില്‍ ഇത് സംഭവിക്കുമായിരുന്നില്ല. എന്നാല്‍ അദ്ദേഹം എന്നോട് പറഞ്ഞത്, ഇപ്പോള്‍ നീ അതിനെക്കുറിച്ചൊന്നും സംസാരിക്കേണ്ടതില്ല, മിണ്ടാതിരിക്കൂ എന്നാണ്,’ സത്യപാല്‍ മാലിക്ക് അഭിമുഖത്തില്‍ പറഞ്ഞു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും തന്നോട് മൗനം പാലിക്കാന്‍ പറഞ്ഞുവെന്നും മാലിക്ക് കൂട്ടിച്ചേര്‍ത്തു.
പാകിസ്താന് മേല്‍ പഴിചാരി രാഷ്ട്രീയ ലാഭം നേടലായിരുന്നു ബിജെപിയുടെ ലക്ഷ്യമെന്ന് തനിക്ക് അപ്പോള്‍ മനസിലായില്ലെന്നും അദ്ദേഹം പറഞ്ഞു.
2017ല്‍ ബീഹാര്‍ ഗവര്‍ണര്‍ ആയാണ് മാലിക് നിയമിതനാകുന്നത്. 2018ല്‍ ജമ്മു ആന്‍ഡ് കശ്മീര്‍ ഗവര്‍ണറായി ചുമതലയേറ്റു. 2019 ഫെബ്രുവരി 14നാണ് പുല്‍വാമ ഭീകരാക്രമണം നടക്കുന്നത്. അതേവര്‍ഷമാണ് എന്‍.ഡി.എ രണ്ടാം തവണയും വിജയിക്കുന്നത്. തെരഞ്ഞെടുപ്പില്‍ പുല്‍വാമ രാഷ്ട്രീയ പ്രശ്നമായി ബിജെപി ഉന്നയിക്കുകയും ചെയ്തിരുന്നു.
ജമ്മു ആന്‍ഡ് കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റുന്നതുവരെയും സത്യപാല്‍ തന്നെയായിരുന്നു ഗവര്‍ണര്‍. കേന്ദ്ര ഭരണപ്രദേശമായി നിലവില്‍ വന്നതിന് പിന്നാലെ മാലിക്കിനെ ഗോവയിലേക്ക് മാറ്റുകയായിരുന്നു.
പട്ടാളക്കാരുടെ ജീവനെടുത്ത കാര്‍, 300 കിലോയോളം സ്ഫോടകവസ്തുക്കളുമായി 10-12 ദിവസം വരെ ഗ്രാമത്തിലൂടെ സഞ്ചരിച്ചുവെന്നും അതുവരെ അത് തിരിച്ചറിയാന്‍ ആയില്ലെന്നും , കൃത്യമായ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചതെന്നും സത്യപാല്‍ മാലിക്ക് പറഞ്ഞു.
ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് പോവുകയായിരുന്ന സിആര്‍പിഎഫ് സൈനികര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായിരുന്നത്. 40 ജവാന്മാര് വെച്ച് നടന്ന ആക്രമണത്തില്‍ മരിച്ചു. നിരവധി സൈനികര്‍ക്ക് പരിക്കേറ്റു.