പെരുന്നാളിന് മുസ്ലീം വീടുകൾ സന്ദർശിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവദേക്കർ. വിഷു ദിനത്തിൽ ക്രൈസ്തവ മത പുരോഹിതരുമായി വിവി രാജേഷിന്റെ വസതിയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജാവദേക്കർ.
പെരുന്നാളിന് ബിജെപി നേതാക്കളും പ്രവർത്തകരും വീടുകളിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വിഭാഗം ആളുകളും ബിജെപിയിൽ ഉണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ കൂടുതൽ ശക്തമാകും. എൽഡിഎഫും യുഡിഎഫും ബിജെപിയെ ന്യൂനപക്ഷങ്ങളുടെ മുന്നിൽ ചിത്രീകരിച്ചിരുന്നത് നല്ല നിലയിലായിരുന്നില്ല. അതിൽ മാറ്റുണ്ടാകുകയാണെന്നും ബിജെപി നേതാവ് കൂട്ടിച്ചേർത്തു.
ക്രൈസ്തവ മത പുരോഹിതരുമായി സൗഹൃദപരമായ കൂടിക്കാഴ്ചയാണ് നടന്നതെന്നും ജാവദേക്കർ അറിയിച്ചു. കൂടിക്കാഴ്ചയിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണ്. ജാതിമത ഭേദമന്യേ എല്ലാവരും ഒന്നിച്ച് ജിവിക്കുന്ന ഭൂമിയിലെ അപൂർവ്വം രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ആഘോഷങ്ങൾ എല്ലാം ഒന്നിച്ച് കൊണ്ടാടുന്നു. വിഷുവിന് ചുമതലപ്പെട്ടവരുടെ വീടുകളിലേക്ക് അന്യമതസ്ഥർ എത്തുന്നു. ഇതാണ് യഥാർത്ഥ ഇന്ത്യയെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.