റിയാദ്: സിറിയൻ വിദേശകാര്യ മന്ത്രി ഫൈസൽ മെക്ദാദ് സൗദി അറേബ്യയിലെത്തി. സിറിയയിൽ യുദ്ധം ആരംഭിച്ച 2011നു ശേഷം ഇതാദ്യമായാണ് ഒരു സിറിയൻ വിദേശകാര്യ മന്ത്രി സൗദി അറേബ്യ സന്ദർശിക്കുന്നത്. അഭ്യന്തരകലാപത്തിൽ സൗദി അറേബ്യ സിറിയൻ പ്രതിപക്ഷത്തെ പിന്തുണച്ചിരുന്നുവെങ്കിലും പിന്നീട് ബന്ധം വിച്ഛേദിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിൽ പുനസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ കുറച്ചു മാസങ്ങളായി നയതന്ത്ര തലത്തിൽ ചർച്ചകൾ നടക്കുകയായിരുന്നു. ഇതിനു തുടർച്ചയായിട്ടാണ് സിറിയൻ വിദേശകാര്യമന്ത്രിയുടെ സൗദി സന്ദർശനം.
സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരന്റെ ക്ഷണം സ്വീകരിച്ചാണ് മെക്ദാദ് ബുധനാഴ്ച ജിദ്ദയിൽ എത്തിയതെന്ന് സൗദി, സിറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിറിയയുടെ ഐക്യവും സുരക്ഷയും സുസ്ഥിരതയും കാത്തുസൂക്ഷിക്കുന്ന സിറിയൻ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരമുണ്ടാക്കാനുള്ള ശ്രമങ്ങളെ കുറിച്ച് ഇരുവരും ചർച്ചകൾ നടത്തുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. “സിറിയൻ അഭയാർത്ഥികളുടെ പുനരധിവാസം അടക്കമുള്ള പ്രശ്നങ്ങൾ ഇരുരാജ്യങ്ങളും ചർച്ച ചെയ്യുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അൽ-അസാദ് ഈ വർഷം യുഎഇയും ഒമാനും സന്ദർശിച്ചിരുന്നു, കോൺസുലാർ സേവനങ്ങൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് ഡമാസ്കസുമായി ചർച്ച ആരംഭിച്ചതായി സൗദി അറേബ്യ കഴിഞ്ഞ മാസം അറിയിച്ചു.
റഷ്യയുടെയും ഇറാന്റെയും പിന്തുണയോടെ സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദ് എതിരാളികളെ ഏറെക്കുറെ പരാജയപ്പെടുത്തിയ നിലയിലാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി, സിറിയൻ യുദ്ധത്തിന്റെ തുടക്കം മുതൽ ഒറ്റപ്പെട്ടിരുന്ന അൽ-അസാദുമായി അടുക്കാൻ സൗദി സഖ്യം ശ്രമം നടത്തി വരികയാണ്. അറബ് ലീഗിലേക്ക് സിറിയയുടെ തിരിച്ചുവരവ് ചർച്ച ചെയ്യാൻ സൗദി അറേബ്യ വെള്ളിയാഴ്ച പ്രാദേശിക വിദേശകാര്യ മന്ത്രിമാരുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. നയതന്ത്രം ബന്ധം പുനഃസ്ഥാപിക്കുമെന്ന മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ, കോൺസുലാർ സേവനങ്ങൾ പുനരാരംഭിക്കുന്നതിന് ഡമാസ്കസിനും റിയാദിനും ഇടയിൽ ചർച്ചകൾ നടക്കുന്നതായി സൗദി സ്റ്റേറ്റ് മീഡിയ കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു.