ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകുകളുടെ വ്യാപനം തടയാൻ വീടുകളും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്ന് പൊതുജനങ്ങളോട് നിർദ്ദേശിച്ച് ഒമാൻ ആരോഗ്യ മന്ത്രാലയം. വീട്ടിലോ പരിസരങ്ങളിലോ വെള്ളം കെട്ടിക്കിടക്കുന്നത് കൊതുകുകൾ പെറ്റുപെരുകുന്നതിന് കാരണമാകും.
അലക്ഷ്യമായി വെള്ളം കെട്ടിക്കിടക്കുന്ന പാത്രങ്ങൾ, ടയറുകൾ, എയർ കണ്ടീഷണറുകൾ വെള്ളം ശേഖരിക്കുന്ന ടബ്ബുകൾ എന്നിവയിൽ വെള്ളം കെട്ടിക്കിടക്കുന്നത് കൊതുക് വ്യാപനത്തിന് കാരണമാകും. ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും വീടും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.
ആരോഗ്യ മന്ത്രാലയത്തിലെ ഡയറക്ടറേറ്റ് ജനറൽ ഫോർ ഡിസീസ് സർവൈലൻസ് ആൻഡ് കൺട്രോൾ ആണ് പൊതുജനങ്ങൾക്കുള്ള നിർദ്ദേശം നൽകിയിരിക്കുന്നത്. കഠിനമായ പനി, അസഹ്യമായ തലവേദന, സന്ധികളിലും പേശികളിലും വേദന, നേത്രഗോളങ്ങളുടെ പിന്നിലെ വേദന, വിശപ്പില്ലായ്മ, രുചിയില്ലായ്മ, മനംപുരട്ടലും ഛർദ്ദിയും എന്നിവയാണ് സാധാരണ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ. മൂന്ന് മുതൽ നാല് ദിവസങ്ങളിലെ ശക്തമായ പനിക്കുശേഷം ഏതാനും നാൾ രോഗലക്ഷണങ്ങൾ ഒന്നും ഇല്ലാതിരിക്കുകയും വീണ്ടും പനി പ്രത്യക്ഷപ്പെടുകയും ചെയ്യുന്നതാണ് രോഗത്തിന്റെ പ്രത്യേകത.