ലോകത്തിലെ ഏറ്റവും വലിയ പുസ്തക മേളയ്ക്ക് ദുബായിൽ തുടക്കമായി. 75 ശതമാനം വരെ ഓഫറുമായി ഒരു ദശലക്ഷത്തിലധികം പുസ്തകങ്ങൾ വിൽക്കുന്ന ബിഗ് ബാഡ് വുൾഫ് (BBW) ഏപ്രിൽ 16 വരെ ദുബായ് സ്റ്റുഡിയോ സിറ്റിയിലെ സൗണ്ട് സ്റ്റേജിൽ രാവിലെ 9 മുതൽ 2 വരെ പ്രവർത്തിക്കും.
ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി (ദുബായ് കൾച്ചർ) ചെയർപേഴ്സണും ദുബായ് കൗൺസിൽ അംഗവുമായ ഷെയ്ഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രദർശനം ഉദ്ഘാടനം ചെയ്തു. “വായനയുടെ വളർച്ചയിലൂടെ ഒരു മികച്ച സമൂഹം കെട്ടിപ്പടുക്കാൻ പ്രദർശനം സഹായിക്കുമെന്ന്” ഷെയ്ഖ ലത്തീഫ ഉദ്ഘാടന വേളയിൽ പറഞ്ഞു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 60 മുതൽ 70 ശതമാനം വരെ പുതിയ പുസ്തകങ്ങളാണ് മേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് BBW യുടെ സഹസ്ഥാപകനായ ആൻഡ്രൂ യാപ്പ് പറയുന്നു.