ഗതാഗതം സുഗമമാക്കാൻ രണ്ട് പുതിയ പാലങ്ങളും ടണലും തുറന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ദുബായിലെ ഷിന്ദഗ ഇടനാഴിയിലെ രണ്ട് പ്രധാന പാലങ്ങളും 2.3 കിലോമീറ്ററിലധികം നീളമുള്ള ഒരു ടണലുമാണ് തുറന്നു നൽകിയത്. അൽ ഖലീജ് സ്ട്രീറ്റിനും ഖാലിദ് ബിൻ അൽ വലീദ് റോഡിനും അൽ ഗുബൈബ റോഡിനുമിടയിൽ സ്ഥിതിചെയ്യുന്ന റോഡ് ഫാൽക്കൺ ഇന്റർചേഞ്ച് പദ്ധതിയുടെ ഭാഗമായാണ് പുതിയ ഗതാഗത സംവിധാനങ്ങൾ തുറന്നത്. മണിക്കൂറിൽ 27,200 വാഹനങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷി ഈ റോഡിനുണ്ട്.
രണ്ട് പാലങ്ങളും വടക്ക് ഭാഗത്ത് നിന്ന് ഇൻഫിനിറ്റി ബ്രിഡ്ജും അൽ ഷിന്ദഗ ടണലും വഴി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) വ്യക്തമാക്കി. ഷെയ്ഖ് റാഷിദ് റോഡിന്റെയും തെക്ക് ഭാഗത്ത് നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിന്റെയും ജംഗ്ഷനിൽ ആർടിഎ നിലവിൽ നിർമിക്കുന്ന പാലങ്ങളുമായി അവ ഒടുവിൽ ബന്ധിപ്പിക്കും.
ഷെയ്ഖ് റാഷിദ് റോഡ്, അൽ മിന സ്ട്രീറ്റ്, അൽ ഖലീജ് സ്ട്രീറ്റ്, കെയ്റോ സ്ട്രീറ്റ് എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന 13 കിലോമീറ്റർ ദൈർഘ്യമുള്ള അൽ ഷിന്ദഗ ഇടനാഴി വിപുലീകരിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് ഫാൽക്കൺ ഇന്റർചേഞ്ച് പദ്ധതി. പദ്ധതിവഴി ഈ രണ്ട് റോഡുകളുടെയും ശേഷി, കാര്യക്ഷമത, ഗതാഗത സുരക്ഷ എന്നിവ വർദ്ധിപ്പിക്കുന്നതിനൊപ്പം അൽ ഷിന്ദഗ ഇടനാഴിയിലൂടെ (അൽ ഖലീജ്, അൽ മിന സ്ട്രീറ്റ്) സുഗമമായ ഗതാഗതം സാധ്യമാക്കുന്നുവെന്നും ആർടിഎ പറയുന്നു.