കേരളം വൃദ്ധസദനമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി ബിബിസി പ്രസിദ്ധീകരിച്ച ലേഖനം ചർച്ചയാകുന്നു. പത്തനംതിട്ട ജില്ലയിലെ കുമ്പനാട് എന്ന പ്രദേശത്തെ ആസ്പദമാക്കിയാണ് ബിബിസിയുടെ ലേഖനം . ലോകത്തെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യത്തെ പ്രേതനഗരം എന്നാണ് കുമ്പനാടിന് ബിബിസി നൽകിയ വിശേഷണം.
വീടുകളിൽ പലതും പൂട്ടിയിട്ടിരിക്കുന്നു. ഭൂരിഭാഗം വീടുകളിലും താമസക്കാർ വൃദ്ധരാണ്. മക്കളും ചെറുമക്കളും വിദേശത്തായതിനാൽ വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാൻ പലർക്കും വൃദ്ധസദനങ്ങളെ ആശ്രയിക്കേണ്ടി വരുന്നതായി വാർത്തയിൽ പറയുന്നു . വിദ്യാഭ്യാസ രംഗത്ത് മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനത്തെ ചില സ്കൂളുകളിൽ പഠിക്കാൻ വിദ്യാർത്ഥികളെ തേടിയിറങ്ങേണ്ട അവസ്ഥയാണെന്നും വരും വർഷങ്ങളിൽ ഇത്തരം സ്കൂളുകളുടെ ഭാവി എന്താകുമെന്ന ആശങ്ക അധ്യാപകരും ലേഖനത്തിൽ പങ്കുവയ്ക്കുന്നുണ്ട്.
1980 കളിൽ 700 വിദ്യാർത്ഥികൾ വരെ പഠിച്ചിരുന്ന സ്കൂളിൽ ഇന്ന് 50 കുട്ടികൾ മാത്രമാണുളളത്. ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളാണ് വിദ്യാർത്ഥികൾ . ഇവരെ സ്കൂളിലെത്തിക്കുന്നതിനായി പ്രതിമാസം 2800 രൂപയാണ് അധ്യാപകർ ഓട്ടോ റിക്ഷകൾക്ക് നൽകുന്നത്. കുമ്പനാടെന്ന ചെറിയ പ്രദേശത്തെ 11,118 വീടുകളിൽ 15 ശതമാനം വീടുകളും അടഞ്ഞ് കിടക്കുകയാണ്. ഇതിൽ പലതും മണിമാളികകളാണ്. താമസക്കാരില്ലാത്ത സൗധങ്ങൾ പക്ഷേ എല്ലാ വർഷവും മോടിപിടിപ്പിക്കാൻ ഉടമസ്ഥർ മറക്കാറില്ലെന്ന വൈചിത്ര്യവും ലേഖനം പങ്കുവയ്ക്കുന്നുണ്ട്.
ആൾത്താമസമുള്ള മിക്ക വീടുകളിലും വൃദ്ധമാതാപിതാക്കൾ തനിച്ചായിരിക്കും. സഹായത്തിനായി അയൽക്കാരെ വിളിക്കാമെന്ന് കരുതിയാൽ അവിടെയും ആളില്ലാത്ത അവസ്ഥ. വീടുകളിൽ ആരും പണം സൂക്ഷിക്കാത്തതിനാൽ കവർച്ചാ ശ്രമങ്ങൾ കുറവാണെന്നും പക്ഷേ സാമ്പത്തിക ഇടപാടുകളിൽ ഇവരെ പലരും കബളിപ്പിക്കാറുണ്ടെന്നും ലേഖനത്തിൽ പറയുന്നു. മൂന്ന് വൃദ്ധസദനങ്ങളാണ് കുമ്പനാട് പ്രവർത്തിക്കുന്നത്. വിദേശ ജോലി തേടിപ്പോകുന്ന മക്കൾ അവിടെ തന്നെ സ്ഥിരതാമസമാക്കുന്നതാണ് വാർധക്യത്തിലെ ഒറ്റപ്പെടലിന് കാരണമായി ലേഖനം ചൂണ്ടിക്കാട്ടുന്നത്.