ദുബായിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന വിമാനത്തിൽ മദ്യപിച്ച് ക്യാബിൻ ജീവനക്കാരോട് മോശമായി പെരുമാറിയ രണ്ട് യാത്രക്കാർ അറസ്റ്റിൽ. വിമാനത്തിൽ മദ്യം കഴിക്കാൻ പാടില്ലെന്ന് പറഞ്ഞതിനാണ് യാത്രക്കാർ പ്രകോപിതരായത്. ഇൻഡിഗോ വിമാനത്തിലാണ് സംഭവം. ദത്താത്രേയ ബാപ്പർദേക്കർ, ജോൺ ജോർജ് ഡിസൂസ എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് മുംബൈ സഹാർ പോലീസ് അറിയിച്ചു.
ദുബായിൽ നിന്ന് വിമാനം മുംബൈയിലേക്ക് പറന്നതിന് ശേഷം ബാപ്പർദേക്കറും ഡിസൂസയും മദ്യപിക്കാൻ തുടങ്ങി. ഇത് ക്യാബിൻ ക്രൂ കണ്ടെത്തുകയും വിമാനത്തിൽ മദ്യം കഴിക്കുന്നത് നിരോധിച്ചതായി അവരെ അറിയിക്കുകയും ചെയ്തു. എന്നാൽ ഇത് അവരെ പ്രകോപിപ്പിച്ചു. തുടർന്ന് സീറ്റിൽ നിന്ന് എഴുന്നേറ്റ് മദ്യപിച്ചുകൊണ്ട് തന്നെ വിമാനത്തിനുള്ളിൽ നടക്കുകയുമായിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (IPC) സെക്ഷൻ 336, വിമാന നിയമങ്ങളിലെ 21,22, 25 വകുപ്പുകളുമാണ് ഇരുവർക്കുമെതിരെ ചുമത്തിയിട്ടുള്ളത്. എന്നാൽ ഇത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ്. അതുകൊണ്ട് തന്നെ പോലീസ് സ്റ്റേഷനിൽ നിന്ന് ഇവർക്ക് ജാമ്യം അനുവദിച്ചുവെന്ന് ഡിസിപി ദീക്ഷിത് ഗെദം പറഞ്ഞു.