ഗുജറാത്തിലെ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് രണ്ടു വർഷം തടവുശിക്ഷയും 15,000 രൂപ പിഴയും. സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന് കോടതി വിധിച്ചിരുന്നു. കേസിൽ രാഹുലിന് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി എന്ന പേരിനെ കുറിച്ചു നടത്തിയ പരാമര്‍ശത്തിനെതിരെയായിരുന്നു കേസ്. കള്ളൻമാരുടെ പേരിനൊപ്പം മോദിയെന്ന് വരുന്നതെന്തുകൊണ്ടാണെന്നായിരുന്നു രാഹുൽ ചോദിച്ചത്. ഇത് മോദി സമുദായത്തിനാകെ അപമാനമുണ്ടാക്കിയെന്ന് കാണിച്ച് സൂറത്തിൽ നിന്നുള്ള മുൻ മന്ത്രിയും എംഎൽഎയുമായ പൂർണേഷ് മോദിയാണ് പരാതി നൽകിയത്.
തനിക്കും വ്യക്തിപരമായി മാനഹാനി ഉണ്ടാക്കുന്നതാണ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെന്ന് പൂർണേഷ് മോദി അവകാശപ്പെട്ടിരുന്നു. ഹൈക്കോടതി ഈ കേസിന്റെ നടപടിക്രമങ്ങൾ സ്റ്റേ ചെയ്തിരുന്നെങ്കിലും രണ്ടാഴ്ച മുൻപ് സ്റ്റേ നീക്കിയിരുന്നു. തുടർന്ന് സൂറത്ത് ചീഫ് മജിസ്ട്രേട്ട് കോടതിയിലെ അന്തിമവാദത്തിനു ശേഷം ഇന്ന് വിധിപറയാൻ മാറ്റുകയായിരുന്നു. രാഹുൽ ഗാന്ധി ഇന്ന് കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. വിധി നടപ്പാക്കുന്നതിന് 30 ദിവസത്തെ സ്റ്റേ കോടതി അനുവദിച്ചു. എന്നാൽ കോടതി വിധിക്കെതിരെ രാഹുൽ ഗാന്ധി അപ്പീൽ നൽകും.