വിശുദ്ധ റമദാൻ പ്രമാണിച്ച് ദുബായിലെ പൊതുഗതാഗത സമയങ്ങളിൽ മാറ്റം. സർവിസ് സെൻററുകളുടെ പ്രവർത്തന സമയങ്ങളിലടക്കമാണ് മാറ്റം വന്നിരിക്കുന്നത്. മെട്രോ, ട്രാം, ബസ്, ജലഗതാഗത സമയങ്ങളിൽ മാറ്റമുണ്ടാകും. ദുബായ് നഗരത്തിലെ ബസ് സർവിസുകളും മറ്റ് എമിറേറ്റുകളിലേക്കുള്ള ഇന്റർസിറ്റി സർവിസുകളിലും സമയമാറ്റം വരുത്തി. ബസുകൾ രാവിലെ ആറുമുതൽ രാത്രി ഒന്നുവരെയായിരിക്കും സർവിസ് നടത്തുക.
മെട്രോ റെഡ്, ഗ്രീൻ ലൈനുകൾ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ അഞ്ചുമുതൽ രാത്രി 12 വരെ പ്രവർത്തിക്കും. വെള്ളിയാഴ്ച രാത്രി ഒരുമണി വരെ മെട്രോ സർവിസുണ്ടാകും. ശനിയാഴ്ച രാവിലെ അഞ്ചുമുതൽ രാത്രി 12 വരെയും ഞായറാഴ്ച രാവിലെ എട്ടുമുതൽ രാത്രി 12 വരെയുമായിരിക്കും മെട്രോ സർവിസ്.
ദുബായ് ട്രാം തിങ്കൾ മുതൽ ശനി വരെ രാവിലെ ആറുമുതൽ രാത്രി ഒന്നു വരെ സർവിസ് നടത്തും. ഞായറാഴ്ച രാവിലെ ഒമ്പതിനായിരിക്കും സർവിസ് തുടങ്ങുക. കസ്റ്റമേഴ്സ് ഹാപ്പിനസ് സെൻററുകൾ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെയും വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് 12 വരെയുമായിരിക്കും തുറക്കുക. അബ്ര, ദുബൈ ഫെറി, വാട്ടർ ടാക്സി ഉൾപ്പെടെയുള്ള ജലഗതാഗത സമയങ്ങളിലും മാറ്റമുണ്ട്.