ഇസ്രായേൽ അഗ്നിക്കിരയാക്കിയ പലസ്തീൻ നഗരത്തിന് സഹായവുമായി യുഎഇ. പലസ്തീനിലെ ഹുവാര പട്ടണത്തിന്റെ പുനർനിർമ്മാണത്തിനും ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനുമായി മൂന്ന് മില്യൺ ഡോളർ നൽകാൻ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദ്ദേശം നൽകി. കഴിഞ്ഞ മാസമാണ് ഇസ്രായേൽ കുടിയേറ്റക്കാർ അതിക്രമിച്ചുകയറി പലസ്തീനിലെ ഹുവാര പട്ടണത്തിന് തീയിട്ടത്.
അതേസമയം പലസ്തീൻ ജനതയെ പിന്തുണയ്ക്കുന്നതിനുള്ള യുഎഇയുടെ മാനുഷിക ശ്രമങ്ങളുടെ ഭാഗമായാണ് സഹായം നൽകുന്നത്. കൂടാതെ അബുദാബി മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് (ഡിഎംടി) എമിറാത്തി-പലസ്തീൻ ഫ്രണ്ട്ഷിപ്പ് ക്ലബ്ബിന്റെ സഹകരണത്തോടെയാണ് സഹായം നടപ്പിലാക്കുന്നതെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
സഹായം നടപ്പിലാക്കുന്നതിനും പിന്തുണ നൽകുന്നതിനുമുള്ള സംവിധാനം ചർച്ച ചെയ്യുന്നതിനായി ഡിഎംടി ഒരു യോഗവും നടത്തി. യോഗത്തിൽ അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും മുനിസിപ്പാലിറ്റികളുടെയും ഗതാഗത വകുപ്പിന്റെയും ചെയർമാനുമായ മുഹമ്മദ് അലി അൽ ഷൊറഫ പങ്കെടുത്തു. ഹുവാര മുനിസിപ്പാലിറ്റിയുടെ മേയർ മൊയിൻ ദ്മൈദി ഉൾപ്പെട്ട പലസ്തീൻ പ്രതിനിധി, മുനിസിപ്പൽ കൗൺസിൽ അംഗങ്ങളായ ജലാൽ ഒഡെ, മുഹമ്മദ് അബദ് അൽ ഹമീദ്, എമിറാത്തി-പലസ്തീൻ സൗഹൃദ ക്ലബ്ബിന്റെ ബോർഡ് ചെയർമാൻ അമ്മാർ അൽ കുർദി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
അതേസമയം ഇരുവിഭാഗങ്ങളും തമ്മിൽ മുനിസിപ്പൽ മേഖലയിലെ സംയുക്ത സഹകരണത്തിനുള്ള സാധ്യതകൾ വർധിപ്പിക്കുന്നതിനെക്കുറിച്ചും ചർച്ച നടത്തി. കൂടാതെ പലസ്തീൻ ജനതയെ പിന്തുണയ്ക്കാനും ഹുവാരയിലെ ദുരിതബാധിത പ്രദേശത്തിന്റെ പുനർവികസനത്തിന് സംഭാവന നൽകാനുമുള്ള യുഎഇ നേതൃത്വത്തിന്റെ താൽപ്പര്യവും അൽ ഷൊറഫ ഊട്ടിയുറപ്പിച്ചു.