കേരളാ സർക്കാരിന്റെ സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം നേടിയ വിജയി ആദ്യം ഓടിക്കയറിയത് പോലീസ് സ്റ്റേഷനിൽ. 75 ലക്ഷം രൂപ സമ്മാനമടിച്ചത് അറിഞ്ഞതോടെ ചോറ്റാനിക്കരയിലെ റോഡ് ടാറിങ് തൊഴിലാളിയായ കൊൽക്കത്ത സ്വദേശി എസ്കെ ബദേസ് ആണ് ടിക്കറ്റുമായി മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലേക്ക് പോയത്.
ആരെങ്കിലും സമ്മാനമടിച്ച ലോട്ടറി തട്ടിയെടുക്കുമോ എന്ന പേടികൊണ്ടാണ് ഇയാൾ ഇങ്ങനെ ചെയ്തത്. എന്നാൽ ബദേസിനെ പൊലീസ് ഉദ്യോഗസ്ഥര്‍ ആശ്വസിപ്പിക്കുകയും കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്കി തിരികെ അയക്കുകയും ചെയ്തു. കേരളാ പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ ഇട്ട പോസ്റ്റിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്.
ജോലി ചെയ്യുന്നതിനായി ചോറ്റാനിക്കരയിൽ എത്തിയപ്പോഴാണ് ഇയാള്‍ ലോട്ടറി എടുത്തത്. അതിന് ഒന്നാം സമ്മാനം അടിക്കുകയും ചെയ്തു. ഭാഗ്യമായി ലഭിച്ച പണം വാങ്ങിയതിന് ശേഷം കൊല്‍ക്കത്തയിലേക്ക് മടങ്ങാൻ കാത്തിരിക്കുകയാണ് ബദേസ് എന്നാണ് കേരള പോലീസ് ഫേസ്ബുക് പേജിൽ കുറിച്ചത്.