സൗദി അറേബ്യയിലും ആഴ്ചയിൽ മൂന്ന് ദിവസം അവധി നൽകുന്നത് പരിഗണനയിൽ. വാരാന്ത്യ അവധി മൂന്ന് ദിവസമാക്കുന്ന കാര്യം സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പരിശോധിച്ചുവരികയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വാരാന്ത്യ അവധി മൂന്ന് ദിവസമാക്കുന്നത് സംബന്ധിച്ച് ട്വിറ്ററിലൂടെ ഒരാൾ ചോദ്യം ഉന്നയിച്ചപ്പോൾ ലഭിച്ച മറുപടിയാണ് അവധി സംബന്ധിച്ച സൂചനകൾക്ക് കാരണം.
രാജ്യത്തെ തൊഴിൽ സംവിധാനത്തെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന തരത്തിലും പ്രാദേശികവും അന്താരാഷ്ട്ര തലത്തിലുള്ളതുമായ നിക്ഷേപങ്ങൾക്ക് കൂടുതൽ ആകർഷകമായ തരത്തിൽ വിപണിയെ മാറ്റിയെടുക്കാനും വേണ്ടി നിയമങ്ങൾ പുനഃപരിശോധിക്കുന്ന കാര്യത്തിലും പഠനങ്ങൾ നടക്കുകയാണെന്ന് മാനവ വിഭവശേഷി മന്ത്രാലയം ട്വിറ്ററിൽ മറുപടിയായി നൽകിയിരുന്നു. ഇതോടെയാണ് സൗദി അറേബ്യയിലും മൂന്ന് ആഴ്ചത്തെ വാരാന്ത്യ അവധി സമ്പ്രദായം നടപ്പാക്കിയേക്കുമെന്ന സൂചനകൾ ലഭിച്ചത്.
ഗൾഫ് രാജ്യങ്ങളിൽ യുഎഇ ആണ് രണ്ട് ദിവസത്തെ അവധിയിൽ ആദ്യമായി മാറ്റം വരുത്തിയത്. സർക്കാർ സ്ഥാപനങ്ങൾക്ക് ആഴ്ചയിൽ നാലര ദിവസം ജോലിയും രണ്ടര ദിവസം അവധിയുമെന്ന തരത്തിലേക്ക് 2022 ജനുവരി ഒന്നിനാണ് യുഎഇ മാറ്റം വരുത്തിയത്. സർക്കാർ ആഹ്വാനം അനുസരിച്ച് സ്വകാര്യ മേഖലയിലെ നിരവധി സ്ഥാപനങ്ങളും ഇത്തരത്തിലേക്ക് മാറുകയും ചെയ്തു. എന്നാൽ സ്വകാര്യ മേഖലയ്ക്ക് ഈ അവധി രീതി നിർബന്ധമാക്കിയിട്ടില്ല.