ദുബായ് പൊലീസിന് കൈക്കൂലി വാഗ്ദാനം ചെയ്താൽ എങ്ങനിരിക്കും. കഴിഞ്ഞ ദിവസം ദുബായി പൊലീസിന് കൈക്കൂലി വാഗ്ദാനം ചെയ്ത സംഭവത്തിൽ ഏഷ്യക്കാരനായ യുവാവിന് കിട്ടിയത് നല്ല എട്ടിന്റെ പണിയാണ്. വീസാ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങിയ ഒരു പ്രവാസിയെ ദുബായി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹത്തെ പുറത്തിറക്കാൻ വേണ്ടി സഹോദരനാണ് പൊലീസിനെ വിളിച്ച് കൈക്കൂലി വാഗ്ദാനം ചെയ്തത്. 10000 ദർഹം കൈക്കൂലിയായി നൽകാമെന്നും തന്റെ സഹോദരനെ കേസിൽ നിന്ന് മോചിപ്പിക്കണമെന്നുമായിരുന്നു ആവശ്യം
യുവാവിന്റെ ഓഫർ കിട്ടിയ ഉദ്യോഗസ്ഥൻ ഉടൻ തന്നെ വിവരം മേലുദ്യോഗസ്ഥരെ അറിയിച്ചു. കൈക്കൂലിയുമായി എത്തിയാലുടൻ തൊണ്ടിമുതലുമായി കസ്റ്റഡിയിലെടുക്കാൻ മേലുദ്യോഗസ്ഥർ നിർദേശം നൽകി. ഇതനുസരിച്ച്, പണം സ്വീകരിക്കാമെന്ന് പൊലീസ് സന്നദ്ധത അറിയിച്ചു.തുടർന്ന് നൈഫ് പൊലീസ് സ്റ്റേഷനുള്ളിലെ ടോയ്ലറ്റിന് മുന്നിൽ വച്ച് പണം കൈമാറിയതും ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയ പ്രതിക്കെതിരെ സർക്കാർ ഉദ്യോഗസ്ഥന് കൈക്കൂലി വാഗ്ധാനം ചെയ്തെന്ന കുറ്റമാണ് ചുമത്തിയത്. ആറ് മാസം തടവും 10,000 ദിർഹം പിഴയുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധി പൂർത്തിയായ ശേഷം പ്രതിയെ യുഎഇയിൽ നിന്ന് നാടുകടത്താനും ദുബായ് ക്രിമിനൽ കോടതി ഉത്തരവിട്ടിട്ടുണ്ട്.