ഷാർജയിൽ ഗതാഗത നിയമലംഘനങ്ങൾക്ക് പ്രഖ്യാപിച്ച 50 ശതമാനം പിഴയിളവ് ഗുരുതര കുറ്റകൃത്യങ്ങൾക്ക് ബാധകമല്ലെന്ന് പൊലീസ്.പത്ത് നിർദ്ദിഷ്ട നിയമലംഘനങ്ങൾക്കാണ് കിഴിവ് ബാധകമല്ലാത്തതെന്നും റിപ്പോർട്ടുകൾ. എന്നാൽ ചെറിയ നിയലംഘനങ്ങളുടെ പരിധിയിൽ ഉൾപ്പെടുന്നവയക്ക് പിഴയ്ക്ക് പുറമെ ചുമത്തിയിട്ടുളള ബ്ലാക് പോയിൻ്റുകളും ഒഴിവാക്കും.
മാർച്ച് 31 വരെയാണ് പിഴയിളവ് നടപ്പാക്കുക. ഷാർജ പോലീസിൻ്റെ ട്രാഫിക് & പട്രോൾസ് ,അവേർനെസ് & ആൻഡ് മീഡിയ ബ്രാഞ്ച് ഡയറക്ടർ ക്യാപ്റ്റൻ സൗദ് അൽ ഷിബയാണ് ഇക്കാര്യം അറിയിച്ചത്.ഒഴിവാക്കിയ കുറ്റങ്ങളുടെ പട്ടികയും പുറത്തുവിട്ടിട്ടുണ്ട്.
ഒഴിവാക്കിയ കുറ്റങ്ങളുടെ പട്ടികയും അനുബന്ധ പിഴകളും:
1.സ്വന്തം ജീവനോ മറ്റുളളവരുടെയോ ജീവന് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചാൽ: 2,000 ദിർഹം പിഴ, 23 ബ്ലാക്ക് പോയിൻ്റ്
2.പൊതു അല്ലെങ്കിൽ സ്വകാര്യ സൗകര്യങ്ങൾക്ക് കേടുപാടുകൾ വരുത്തുന്ന രീതിയിൽ വാഹനം ഓടിക്കുന്നത്: 2,000 ദിർഹവും 23 പോയിൻ്റ്
3.മദ്യപിച്ച് വാഹനമോടിക്കുന്നത് (പെനാൽറ്റി കോടതി തീരുമാനിക്കും)
4.നമ്പർ പ്ലേറ്റ് ഇല്ലാതെ വാഹനമോടിക്കുന്നത്: 3,000 ദിർഹം പിഴ, 23 പോയിൻ്റ്
5.മണിക്കൂറിൽ 80 കിലോമീറ്ററിൽ കൂടുതൽ വേഗത: 3,000 ദിർഹം പിഴ, 23 പോയിൻ്റ്
6.പിഴ ഒഴിവാക്കാൻ ട്രാഫിക് പോലീസിൽ നിന്ന് ഒളിച്ചോടൽ: 800 ദിർഹം പിഴ, 12 പോയിൻ്റ്
7.ട്രാഫിക് ലംഘനം മൂലം ഒരു വ്യക്തിയുടെ മരണത്തിന് കാരണമാകുന്നത് (പെനാൽറ്റി തീരുമാനിക്കുന്നത് കോടതിയാണ്, കൂടാതെ 23 പോയിൻ്റുകളും)
8.ട്രാഫിക് ലംഘനം മൂലം ഒരു അപകടമോ പരുക്കോ ഉണ്ടാക്കുന്നത് (പെനാൽറ്റി തീരുമാനിക്കുന്നത് കോടതിയാണ്, കൂടാതെ 23 പോയിൻ്റുകളും)
9.അനുമതിയില്ലാതെ വാഹനത്തിൻ്റെ എഞ്ചിൻ പരിഷ്ക്കരിക്കുന്നത്: 1,000 ദിർഹം പിഴ, 12 പോയിൻ്റ്
10.ലൈസൻസില്ലാതെ അപകടകരമായ വസ്തുക്കൾ കൊണ്ടുപോകാൻ വാഹനം ഉപയോഗിക്കുന്നത്: 3,000 ദിർഹം പിഴ, 24 പോയിൻ്റ്
ലംഘനം നടത്തിയ തീയതി മുതൽ 60 ദിവസത്തിനുള്ളിൽ പിഴ അടച്ചാൽ 2023 ഏപ്രിൽ 1 മുതൽ വാഹനമോടിക്കുന്നവർക്ക് 35 ശതമാനം ഇളവ് ലഭിക്കുമെന്ന് ഷാർജ നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിയമലംഘനം നടത്തി 60 ദിവസത്തിനും ഒരു വർഷത്തിനും ഇടയിൽ പിഴയടച്ചാൽ വാഹനമോടിക്കുന്നവർക്ക് 25 ശതമാനം ഇളവാണ് ലഭിക്കുക.