കഴിഞ്ഞ വർഷം ലോകകപ്പ് ആതിഥേയത്വം വഹിക്കുന്നതുമായി ബന്ധപ്പെട്ട ചെലവുകൾക്കിടയിലും ഖത്തറിന് 8,900 കോടി റിയാലിന്റെ നേട്ടം. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഖത്തറിന്റെ ബജറ്റിൽ 8,900 കോടി റിയാലാണ് മിച്ചം വന്നത്. ഓഹരി വിപണിക്ക് ഇത് ഗുണകരമാണെന്നാണ് സാമ്പത്തിക വിദഗ്ധർ നൽകുന്ന സൂചന. 2012, 2013, 2014 വർഷങ്ങളിലായിരുന്നു ഇതിനു മുൻപ് കൂടുതൽ തുക ബജറ്റ് മിച്ചം വന്നിരുന്നത്. 2012 ൽ 7,700 കോടി റിയാലും 2013 ൽ 10,630 കോടി റിയാലും 2014 ൽ 10,860 കോടി റിയാലുമായിരുന്നു ബജറ്റ് മിച്ചം. പൊതുചെലവുകളിൽ വന്ന നിയന്ത്രണവും എണ്ണ വരുമാനത്തിലെ വർധനവുമായിരുന്നു ഇതിന് കാരണം.
ഖത്തർ ധനകാര്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 2021 ലേതിനേക്കാൾ ബജറ്റ് മിച്ചം 5462.5 ശതമാനം വർധിച്ചിട്ടുണ്ട്. 2021 ൽ 160 കോടി റിയാലിൽ താഴെയായിരുന്നു ബജറ്റ് മിച്ചം വന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള നാലാം പാദത്തിൽ 1,160 കോടി റിയാൽ മിച്ചം വന്നിരുന്നു. നാലാം പാദത്തിൽ ചെലവ് 5,350 കോടി റിയാലിൽ എത്തിയപ്പോൾ 6,510 കോടി റിയാൽ ആയിരുന്നു ആകെ വരുമാനം. അതേസമയം 2021 ലെ നാലാം പാദത്തിൽ വരുമാനം 5,150 കോടി റിയാലും ചെലവ് 5,480 കോടി റിയാലുമായിരുന്നു.
2022 ലെ അവസാന പാദത്തിൽ എണ്ണ-വാതക ഇനത്തിൽ 5,930 കോടി റിയാൽ വരുമാനമായി ലഭിച്ചു. കൂടാതെ 2022ൽ വൻകിട പദ്ധതികൾക്കായി 1,740 കോടി റിയാൽ ആയിരുന്നു ഖത്തർ ചെലവിട്ടത്. അതേസമയം 830 കോടി റിയാലിന്റെ കമ്മി കണക്കാക്കിയായിരുന്നു 2022ലെ ബജറ്റെന്ന് ധനമന്ത്രി അലി ബിൻ അഹമ്മദ് അൽഖുവാരി വ്യക്തമാക്കി. ഫിഫ ലോകകപ്പിന്റെ ആതിഥേയത്വവുമായി ബന്ധപ്പെട്ട് സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിലെ ചെലവ് അനുസരിച്ചായിരുന്നു അന്ന് കമ്മി വിലയിരുത്തിയത്. അതേസമയം സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും വൈവിധ്യവൽക്കരിക്കുന്നതിനുമുള്ള ഖത്തറിന്റെ താൽപര്യത്തെ പ്രതിഫലിപ്പിക്കുന്നതാണ് 2023 ലെ പൊതു ബജറ്റെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.