പ്രശസ്ത നോവലിസ്റ്റ് സൽമാൻ റുഷ്ദിയെ കൊല്ലാൻ ശ്രമിച്ച യുവാവിന് ഇറാനിയൻ സംഘടന കൃഷിയിടം പാരിതോഷികമായി നൽകുമെന്ന് പ്രഖ്യാപിച്ചു. ന്യൂ ജഴ്സിയിൽനിന്നുള്ള ഹാദി മറ്റാർ എന്ന 24കാരന് 1000 ചതുരശ്ര മീറ്റർ വരുന്ന കൃഷിയിടമാണ് സമ്മാനമായി നൽകുക. അതേസമയം റുഷ്ദിയെ ആക്രമിച്ച അമേരിക്കൻ യുവാവിന്റെ ധീരമായ നടപടിക്ക് ആത്മാർഥമായി നന്ദി പറയുന്നെന്ന് ഇറാനിയൻ സംഘടന സെക്രട്ടറി പറഞ്ഞു.
റുഷ്ദിയുടെ ഒരു കണ്ണ് നഷ്ടമാക്കുകയും ഒരു കൈ പ്രവർത്തനരഹിതമാക്കിയും ചെയ്ത അമേരിക്കൻ യുവാവിന്റെ പ്രവർത്തി ധീരമാണ്. അദ്ദേഹത്തിന്റെ നടപടിക്ക് ആത്മാർഥമായി നന്ദി പറയുന്നു. റുഷ്ദി മരിച്ചത് പോലെയാണ് ഇപ്പോൾ ജീവിക്കുന്നത്. ഈ ധീരമായ നടപടിക്ക് പകരമായി അദ്ദേഹത്തിനോ അദ്ദേഹത്തിന്റെ പ്രതിനിധികൾക്കോ 1000 ചതുരശ്ര മീറ്റർ കൃഷിഭൂമി പാരിതോഷികമായി നൽകുമെന്ന് ഫൗണ്ടേഷൻ സെക്രട്ടറി മുഹമ്മദ് ഇസ്മായിൽ സറേയ് പറഞ്ഞു.
കഴിഞ്ഞ ആഗസ്റ്റിലായിരുന്നു സംഭവം. ന്യൂയോർക്ക് നഗരത്തിൽനിന്ന് 90 കിലോമീറ്റർ അകലെയുള്ള ഷുറ്റോക്വാ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രഭാഷണം നടത്തുന്നത്തിനിടെയാണ് റുഷ്ദിയെ യുവാവ് ക്രൂരമായി ആക്രമിച്ചത്. റുഷ്ദി ഇരിക്കുന്ന വേദിയിലേക്ക് അതിക്രമിച്ചു കയറിയ അക്രമി കത്തിയെടുത്ത് റുഷ്ദിയെ തുടരെ കുത്തുകയായിരുന്നു. ഈ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ചയും ഒരു കൈയിന്റെ ചലനശേഷിയും നഷ്ടപ്പെട്ടു.