കേരളത്തിൽ നിന്ന് ഇസ്രായേലിലേക്ക് പോയ കർഷക സംഘം കൊച്ചിയിൽ തിരിച്ചെത്തി. 27 പേർ അടങ്ങുന്ന സംഘമാണ് ഇസ്രായേലിലേക്ക് പോയിരുന്നത്. ഈ മാസം 12ന്സം സ്ഥാന കൃഷിവകുപ്പ് ഇസ്രായേലിൽ ആധുനിക കൃഷിരീതി പരിശീലിക്കുന്നതിനായാണ് കർഷകരുടെ സംഘത്തെ ഇസ്രായേലിലേക്ക് അയച്ചത്. എന്നാൽ സംഘത്തിൽ നിന്നും കാണാതായ കണ്ണൂർ ഇരിട്ടി ഉളിക്കൽ പേരട്ട കെപി മുക്ക് കോച്ചേരിൽ ബിജു കുര്യനെ(48) ഇനിയും കണ്ടെത്താനായിട്ടില്ല.
17ആം തിയതി ഇസ്രായേലിലെ ഹെർസ് ലിയയിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കാനായി സംഘത്തിനൊപ്പം പുറത്തിറങ്ങിയ ബിജുവിനെ കാണാതാവുകയായിരുന്നു. ഭക്ഷണം ക്രമീകരിച്ചിരുന്നത് മറ്റൊരു ഹോട്ടലിലായിരുന്നു. ഇവിടേയ്ക്ക് പുറപ്പെടാനായി കാത്തുനിന്ന ബസിന് അരികിലെത്തിയ ബിജു വാഹനത്തിൽ കയറിയില്ല. തുടർന്നാണ് ഇയാളെ കാണാതായത്. അതേസമയം പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ കൈവശം വെച്ചിരുന്നതിനാൽ ബിജു മനഃപൂർവം മുങ്ങിയെന്നായിരുന്നു സംശയം. പിന്നീട് കൃഷി മന്ത്രി പി. പ്രസാദ് ഇക്കാര്യം ശരിവച്ചു.
സംഭവത്തിന് ശേഷം സിസിടി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചെങ്കിലും ബിജുവിനെ കണ്ടെത്താനായില്ല. ബിജു കുര്യൻ തെറ്റിദ്ധരിപ്പിച്ചതിൽ കുടുംബം ക്ഷമ ചോദിച്ചുവെന്നും ഇയാൾക്കെതിരെ നിയമനടപടി ആലോചിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. ഇസ്രായേൽ ഇന്റലിജൻസ് ബിജുവിന്റെ വിരലടയാളം വച്ച് തെരച്ചിൽ തുടരുകയാണ്. മേയ് എട്ട് വരെയാണ് വീസയ്ക്കുള്ള കാലാവധി. അതിനകം ബിജു കേരളത്തിലേക്കു മടങ്ങിയില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം താൻ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും ബിജുകുര്യൻ 16നു ഭാര്യയ്ക്കു വാട്സാപ്പിൽ ശബ്ദസന്ദേശം അയച്ചിരുന്നതായി സഹോദരൻ ബെന്നി അറിയിച്ചു. പിന്നീട് കാണാതായതിന് ശേഷം ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും ബെന്നി കൂട്ടിച്ചേർത്തു. 10 വർഷത്തിലേറെ കൃഷിപരിചയവും ഒരു ഏക്കറിനു മുകളിൽ കൃഷിഭൂമിയുമുള്ള, 50 വയസ്സ് പൂർത്തിയാകാത്ത കർഷകരിൽ നിന്നുള്ള അപേക്ഷ നൽകിയതിന് ശേഷമാണ് ബിജുവിനെ സംഘത്തിൽ ഉൾപ്പെടുത്തിയത്.