കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ അയക്കുന്നത് ഫിലിപ്പീൻസ് താല്‍ക്കാലികമായി നിർത്തിവച്ചു. ഫിലിപ്പീൻ കുടിയേറ്റ തൊഴിൽ മന്ത്രി സൂസൻ ഒപ്ലെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. അതേസമയം തൊഴിലാളികളുടെ സംരക്ഷണത്തിന് വേണ്ടി കൂടുതൽ ഉറപ്പ് ലഭിക്കാനുള്ള ഉഭയകക്ഷി ചർച്ചകൾ കുവൈത്ത് സര്‍ക്കാറുമായി നടത്തിവരികയാണ്. കരാര്‍ നിലവില്‍ വരുന്നതു വരെ ഗാർഹിക തൊഴിലാളികളെ അയയ്ക്കുന്നത് നിർത്തും.
അടുത്തിടെയാണ് ഫിലിപ്പീൻസ് സ്വദേശിയായ 35കാരി ജുലേബി റണാര കുവൈത്തിൽ കൊല്ലപ്പെട്ടത്. ഗാർഹിക തൊഴിലാളിയായിരുന്ന ഇവരുടെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾ സാൽമി മരുഭൂമിയിൽ നിന്നും കണ്ടെത്തിയിരുന്നു. ഇവരുടെ തൊഴിലുടമയുടെ 17 വയസ്സുള്ള മകനെ കൊല ്കുറ്റത്തിന് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനു പിറകേയാണ് തൊഴിലാളികളെ കുവൈത്തിലേക്ക് വിന്യസിക്കുന്നത് നിർത്തണമെന്ന് ഫിലിപ്പീൻസിലെ പാർലമെന്റ് അംഗങ്ങൾ ആവശ്യപ്പെട്ടത്
എന്നാൽ കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബർ അസ്സബാഹും ഫിലിപ്പീൻസ് ഷർഷെ ദഫേ ജോസ് കബ്രേരയും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിനെ തുടർന്ന് ഈ പ്രശ്നത്തിൽ അയവുവന്നിരുന്നു. വിദേശകാര്യ മന്ത്രി ശൈഖ് സലീം കൊലപാതകത്തെ അപലപിക്കുകയും പ്രതി ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു. യുവതിയുടെ കുടുംബത്തോടും ഫിലിപ്പീൻസ് സർക്കാറിനോടും അനുശോചനം അറിയിക്കുകയും ചെയ്തു. ശേഷം പ്രവാസി തൊഴിലാളികളുടെ സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കുമെന്ന് മന്ത്രി ഉറപ്പും നൽകി.
2018ലും സമാനമായ രീതിയിൽ ഫിലിപ്പീൻസ് വീട്ടുജോലിക്കാരിയായിരുന്ന ജോവാന ഡാനിയേല ഡെമാഫെലിസ് കൊല്ലപ്പെട്ടതും വലിയ ചർച്ചയായിരുന്നു. തുടർന്ന് കുവൈത്തിലേക്ക് തൊഴിലാളികളുടെ വിന്യാസം ഫിലിപ്പീൻസ് നിരോധിച്ചു. എന്നാൽ തൊഴിലാളികൾക്കുള്ള സംരക്ഷണ കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചതിനെത്തുടർന്ന് നിരോധനം പിൻവലിക്കുകയും ചെയ്തു. 2019 മേയിൽ ഫിലിപ്പീൻസ് സ്വദേശിയായ കോൺസ്റ്റാൻഷ്യ ലാഗോ ദയാഗും കുവൈത്തിൽ വച്ച് കൊല്ലപ്പെട്ടു. മാസങ്ങൾക്കുശേഷം വീണ്ടും മറ്റൊരു വീട്ടുജോലിക്കാരിയായ ജീൻലിൻ വില്ലവെൻഡെയും കൊല്ലപ്പെട്ടു.
ഇതോടെ 2020 ജനുവരിയിൽ ഫിലിപ്പീൻസ് വീണ്ടും തൊഴിലാളി വിന്യാസ നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ വില്ലവെൻഡെയുടെ തൊഴിലുടമക്ക് കടുത്ത ശിക്ഷ വിധിച്ചപ്പോൾ ഫിലിപ്പീൻസ് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചു. വീട്ടുജോലിക്കാർ ഉൾപ്പെടെ ഏകദേശം 2,68,000 ഫിലിപ്പീൻസുകാരാണ് കുവൈത്തിൽ ജോലി ചെയ്യുന്നത്. അതേസമയം നിലവിൽ കുവൈത്തിൽ ജോലി ചെയ്യുന്ന ഗാർഹിക തൊഴിലാളികൾ അവധിക്ക് നാട്ടിലെത്തിയതിനു ശേഷം അതേ തൊഴിലുടമയുടെ കീഴിലേക്കു തിരികെ മടങ്ങുന്നതിന് തടസ്സമില്ല.