അർജന്റീനയിലെ നിശാക്ലബിൽ വച്ച് 18 കാരനായ നിയമ വിദ്യാർത്ഥിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ എട്ട് അമച്വർ റഗ്ബി താരങ്ങൾക്ക് കോടതി ശിക്ഷ വിധിച്ചു. അതിൽ അഞ്ച് താരങ്ങളെ ദോലോറസ് കോടതി ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചത്. മറ്റ് മൂന്ന് പേർക്ക് 15 വർഷം തടവും വിധിച്ചിട്ടുണ്ട്. അർജന്റീനയിൽ ജീവപര്യന്തമെന്നാൽ പരമാവധി 35 വർഷമാണ് ശിക്ഷാ കാലാവധി.
പരാഗ്വെയൻ കുടിയേറ്റക്കാരുടെ ഏക മകനാണ് കൊല്ലപ്പെട്ട ഫെർണാണ്ടോ ബേസ് സോസ. കടൽത്തീര നഗരമായ വില്ല ഗെസലിലെ ഒരു നിശാക്ലബിൽ വച്ച് ബേസ് സോസയും റഗ്ബി താരങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായി. എന്നാൽ തർക്കം രൂക്ഷമായതോടെ സോസയെ റഗ്ബി കളിക്കാർ നിലത്തിട്ട് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തു.
ക്രൂര മർദ്ദനമേറ്റ സോസ സംഭവസ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു. അതേസമയം താരങ്ങളിൽ ചിലർ സോസയ്ക്ക് നേരെ വംശീയാധിക്ഷേപം നടത്തുന്നതിന്റെയും മർദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 2020 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സമീപ വർഷങ്ങളിൽ അർജന്റീനയിൽ രജിസ്റ്റർ ചെയ്ത ഹൈ-പ്രൊഫൈൽ കേസുകളിലുൾപ്പെടുന്ന ഒന്നാണിത്.