പ്രിയങ്ക ചോപ്ര-നിക്ക് ജൊനാസ് ദമ്പതികൾക്ക് 2022 ജനുവരിയിൽ വാടകഗർഭധാരണത്തിലൂടെ മകൾ ജനിച്ചത്. മാള്‍ട്ടി മരി ചോപ്ര ജൊനാസ് എന്ന് മകൾക്ക് പേരും നൽകി. എന്നാൽ മകളുടെ മുഖം കാണിക്കാത്ത ചിത്രങ്ങള്‍ ആണ് താരം ഇതുവരെയും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നത്. ഇപ്പോൾ ആദ്യമായി മകള്‍ മാള്‍ട്ടിയുടെ മുഖം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് പ്രിയങ്ക.
മകള്‍ക്ക് ഒരു വയസ് പൂര്‍ത്തിയായി ആഴ്ചകള്‍ പിന്നിട്ടപ്പോഴാണ് താരം മകളുടെ മുഖം മറയ്ക്കാതെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഭര്‍ത്താവും ഗായകനുമായ നിക് ജൊനാസും സഹോദരന്മാരുടെയും മ്യൂസിക് ബാന്റായ ജൊനാസ് ബ്രദേഴ്സിന്റെ ഒരു പരിപാടിയിൽ പങ്കെടുക്കാന്‍ എത്തിയതായിരുന്നു പ്രിയങ്ക.
ഈയിടെ ബ്രിട്ടീഷ് വോഗിന് നൽകിയ അഭിമുഖത്തില്‍ മകള്‍ മാള്‍ട്ടിയുടെ ജനനത്തെക്കുറിച്ച് പ്രിയങ്ക സംസാരിച്ചിരുന്നു. മാസം തികയാതെ ജനിച്ച കുഞ്ഞ് മൂന്ന് മാസത്തോളം എന്‍ഐസിയുവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നെന്നും മകളെ ജീവനോടെ കയ്യിൽ കിട്ടുമോ എന്നുപോലും ആശങ്കപ്പെട്ടതായും പ്രിയങ്ക അഭിമുഖത്തില്‍ മനസുതുറന്നു. ‘അവൾ ജനിക്കുമ്പോൾ ഞാനും നിക്കും ഓപ്പറേഷൻ തിയേറ്ററിൽ ഉണ്ടായിരുന്നു. തീരെ ചെറിയ കുഞ്ഞായിരുന്നു അവൾ. തൻ്റെ കൈയ്യിന്റെ വലിപ്പമേ അവള്‍ക്ക് ഉണ്ടായിരുന്നോളൂ’- മകളെ ആദ്യമായി കണ്ടതിനെ കുറിച്ച് പ്രിയങ്കയുടെ വാക്കുകൾ.
മാൾട്ടിക്കൊപ്പമുള്ള പ്രിയങ്കയുടെ ഫോട്ടോഷൂട്ടും മാഗസിനിലുണ്ട്. ആദ്യമായാണ് മകൾക്കൊപ്പം ഒരു മാഗസിനു വേണ്ടി താരം ഫോട്ടോഷൂട്ട് ചെയ്തത്. രണ്ടു പേരും ചുവന്ന വസ്ത്രമായിരുന്നു ചിത്രങ്ങളില്‍ ധരിച്ചിരുന്നത്. കുട്ടിയുടെ മുഖം വ്യക്തമാകാത്ത ചിത്രങ്ങളാണ് മാഗസീനില്‍ പ്രസിദ്ധീകരിച്ചത്. ചിത്രങ്ങള്‍ പ്രിയങ്കയും തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. അന്ന് നിരവധി പേരാണ് ചിത്രത്തിനെതിരെ കമന്റുകളിട്ടത്. മുഖം കാണിക്കാന്‍ തയ്യാറല്ലെങ്കില്‍ വെറുമൊരു പ്രൊപ് ആയി കുട്ടിയെ മാറ്റിയത് എന്തിന് എന്നായിരുന്നു വിമർശനം.