ലോകകപ്പ് കാണാനെത്തുന്നവർക്ക് സൗദിയിൽ നിന്ന് ദോഹയിലേക്കും തിരിച്ചും യാത്ര ചെയ്യാൻ സൗദി എയർലൈനിന്റെ (സൗദിയ) 780 സർവീസുകൾ കൂടി ഷെഡ്യൂൾ ചെയ്തു. ജിദ്ദ, റിയാദ്, ദമ്മാം എന്നീ വിമാനത്തവളങ്ങളിൽ നിന്നായിരിക്കും സർവീസ് നടത്തുക. 2,54,000 സീറ്റുകളാണ് ഇത്രയും സർവീസുകളിലായി ഉണ്ടാവുക. കൂടാതെ ലോകകപ്പ് കാണികളെ എത്തിക്കുന്നതിനായുള്ള എല്ലാ സൗകര്യങ്ങളും സൗദിയ ഒരുക്കിയിട്ടുണ്ട്.
വ്യക്തിഗത ആവശ്യങ്ങൾക്കായുള്ള അത്യാവശ്യ വസ്തുക്കൾ മാത്രമേ ഒപ്പം കരുതാവൂ. ദോഹയിലെത്തി കളി കാണാനും അന്നേ ദിവസം തന്നെ താമസ സ്ഥലത്തേക്ക് മടങ്ങിയെത്താനും സാധിക്കുന്ന തരത്തിലാണ് ഓരോ സർവീസും. ഇതിനുവേണ്ടിയുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ ചെക്ഡ് ബാഗേജ് കൊണ്ടുപോവാനുള്ള സൗകര്യവുമുണ്ട്.
അതേസമയം വിമാനങ്ങൾക്കിടയിലുള്ള സമയം കണക്കാക്കാതെ മടക്ക യാത്രയുടെ ബോർഡിങ് പാസ്സുകൾ ഒരുമിച്ചു നൽകുന്നതിനുള്ള സംവിധാനവുമുണ്ടാകും. യാത്രാ നടപടികൾ സുഗമമാക്കാനും സമയവും പ്രയത്നവും കുറയ്ക്കാനും ഇതുവഴി സാധിക്കും. എന്നാൽ ഖത്തറിലേക്കും സ്റ്റേഡിയങ്ങളിലേക്കും പ്രവേശിക്കാൻ ഹയ്യാ കാർഡ് നിർബന്ധമാണ്.