മലയാള സിനിമയിലെ ആദ്യ പിന്നണി ഗാനത്തിന് ഇന്ന് 75 വയസ്സ്. 1948 ഫെബ്രുവരി 25ന് പുറത്തിറങ്ങിയ നിർമ്മല എന്ന ചിത്രത്തിലെ ‘ഏട്ടൻ വരുന്ന ദിനമോ’ എന്ന പാട്ടിലൂടെയാണ് ആദ്യ മലയാള സിനിമ പിന്നണി ഗാനത്തിന് തുടക്കം കുറിച്ചത്. തൃപ്പൂണിത്തുറ സ്വദേശിയായ വിമല ബി വർമ്മയാണ് മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായ ഈ ഗാനം പാടിയത്. കൂടാതെ പാടിയ ചിത്രത്തിൽ അഭിനയിക്കാനും വിമല വർമ്മക്ക് അവസരം ലഭിച്ചു.
‘നിർമ്മല’ മലയാളത്തിലെ നാലാമത്തെ ശബ്ദ ചിത്രമാണ്. മഹാകവി ജി. ശങ്കരക്കുറുപ്പ് എഴുതി, ഇ. ഐ. വാര്യർ സംഗീതം നൽകിയ ‘ഏട്ടൻ വരുന്ന ദിനമോ’ ഗാനം പാടിയ വിമല ബി വർമ്മ അന്ന് അറാം ക്ലാസിലായിരുന്നു. സേലത്തെ മോഡേൺ തീയറ്ററിൽ വെച്ചായിരുന്നു ഗാനങ്ങളുടെ റെക്കോർഡിംഗ്. അതേസമയം വർഷങ്ങൾക്കിപ്പുറവും ആദ്യ പാട്ട് പാടിയതിന്റെ അനുഭവം ഓർത്തെടുക്കുന്നുണ്ട് മലയാളത്തിലെ ആദ്യ പിന്നണി ഗായിക.
മൂന്നു പാട്ടുകളാണ് നിർമ്മല സിനിമയിൽ വിമല പാടിയിട്ടുള്ളത്. അഭിനയിക്കുക കൂടി ചെയ്തെങ്കിലും പക്ഷേ, പിന്നീട് സിനിമ മേഖലയിൽ വിമല സജീവമായില്ല. അമ്മ പാടിയ പാട്ടിൻറെ സി.ഡികൾ മകൾ കൃഷ്ണ വർമ്മ ഇപ്പോഴും സൂക്ഷിച്ച് വച്ചിട്ടുണ്ട്. അതേസമയം മലയാള സിനിമ പിന്നണി ഗാനത്തിന്റെ 75 ആം വാർഷികത്തിൽ തനിമ നഷ്ടമാകാതെ ആ പഴയ ഗാനം മ്യൂസിക് ആൽബത്തിലൂടെ വീണ്ടും പുനരാവിഷ്കരിച്ചിട്ടുണ്ട്. ഗായിക സിത്താര കൃഷ്ണകുമാറാണ് ഗാനം ആലപിച്ചത്.