യു എ ഇ യിൽ സന്ദർശകരായി എത്തുന്ന 44 രാജ്യക്കാർക്ക് സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് ഇനി വാഹനം ഓടിക്കാം. പട്ടികയിലുള്ള 44രാജ്യക്കാർക്ക് റസിഡന്റ്സ് വീസയുണ്ടെങ്കിൽ യുഎഇ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാം. ഇതിന് പ്രത്യേകിച്ച് പരിശീലനമോ പരീക്ഷയോ ആവശ്യമില്ല. അതേസമയം ചൈനീസ് ലൈസൻസുള്ളവർക്ക് യുഎഇയിൽ നേരിട്ടു വണ്ടിയോടിക്കാമെങ്കിലും ഇന്ത്യൻ ലൈസൻസുള്ളവർക്ക് ഈ നിയമം പ്രയോജനപ്പെടില്ല.
ഇത്തരത്തിൽ സന്ദർശക വിസയിൽ എത്തുന്നവർക്കോ റസിഡൻസിനോ വണ്ടിയോടിക്കണമെങ്കിൽ പഠിച്ചു പരീക്ഷ പാസായി യുഎഇ ലൈസൻസ് എടുക്കണം. എന്നാൽ സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസൻസിനു കാലാവധി ഉണ്ടെങ്കിൽ പട്ടികയിലുള്ള 44 രാജ്യക്കാർക്കും യുഎഇ ലൈസൻസ് എടുക്കാൻ സാധിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഡ്രൈവിങ് ലൈസൻസ് നേടാനുള്ള കുറഞ്ഞ പ്രായവും പൂർത്തിയായിരിക്കണമെന്നത് നിർബന്ധമാണ്. വാഹനമോടിക്കുന്നതിനുള്ള ശേഷി തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റും ഇതിനോടൊപ്പം നൽകണം.
അതേസമയം വിവിധ രാജ്യക്കാരെ യുഎഇയിലേക്ക് സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായാണ് ഡ്രൈവിങ് ലൈസൻസ് നിയമങ്ങൾ ലളിതമാക്കുന്നത്. വിനോദ സഞ്ചാരികൾക്കും സന്ദർശകർക്കും ഇതു സംബന്ധിച്ച നിയമാവബോധം ലഭിക്കാൻ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രത്യേക സേവനവും ആരംഭിചിട്ടുണ്ടെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ആഭ്യന്തര മന്ത്രാലയത്തിന്റെ സ്മാർട്സ് സംവിധാനത്തിലൂടെ ഡ്രൈവിങ് ലൈസൻസ് വിശദാംശങ്ങൾ നൽകി യുഎഇ ലൈസൻസ് ആക്കി മാറ്റാനുള്ള സംവിധാനവും മന്ത്രാലയം ഏർപ്പെടുത്തിയിട്ടുണ്ട്. യുഎഇ ലൈസൻസാക്കി മാറ്റാൻയുഎഇ തിരിച്ചറിയൽ കാർഡ്, വിദേശ ഡ്രൈവിങ് ലൈസൻസിന്റെ പരിഭാഷ, ഒറിജിനൽ വിദേശ ലൈസൻസ് എന്നിവയാണ് ആവശ്യമുള്ളത്. 600 ദിർഹമാണ് ഈ സേവനത്തിന് ഈടാക്കുന്നത്. ഡെലിവറി കമ്പനികൾ നേരിട്ട് ലൈസൻസ് വീട്ടിലെത്തിക്കും.
യുഎഇ യുടെ ലൈസൻസിന് അർഹമായ രാജ്യങ്ങൾ
എസ്തോണിയ, അൽബേനിയ, പോർച്ചുഗൽ, ചൈന, ഹംഗറി, ഗ്രീസ്, യുക്രെയ്ൻ, ബൾഗേറിയ, സ്ലോവാക്യ, സ്ലോവേനിയ, സെർബിയ, സൈപ്രസ്, ലാത്വിയ, സിംഗപ്പൂർ, ഹോങ്കോങ്, നെതർലാൻഡ്, െഡൻമാർക്ക്, ഓസ്ട്രിയ, ഫിൻലൻഡ്, യുകെ, തുർക്കി, ലക്സംബർഗ്, ലിത്വാനിയ, മാൾട്ട, ഐസ്ലൻഡ്, സ്വീഡൻ, അയർലൻഡ്, സ്പെയിൻ, നോർവേ, ന്യൂസിലാൻഡ്, റൊമേനിയ, , കാനഡ, പോളണ്ട്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ, മോണ്ടിനെഗ്രോ, യുഎസ്, ഫ്രാൻസ്, ജപ്പാൻ, ബെൽജിയം, സ്വിറ്റ്സർലൻഡ്, ജർമനി, ഇറ്റലി.