തെരുവുനായയുടെ കടിയേറ്റ 12 വയസുകാരി മരിച്ചു. പത്തനംതിട്ട പെരുനാട് സ്വദേശി അഭിരാമിയാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. മൂന്ന് ഡോസ് വാക്സിനെടുത്തിട്ടും മരണം സംഭവിക്കുകയായിരുന്നു. രണ്ടാഴ്ച്ച മുന്‍പാണ് അഭിരാമിക്ക് കടിയേൽക്കുകയും ചികിത്സ തേടിയതും.
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തി പേവിഷ ബാധയ്ക്കെതിരെ ആദ്യ ഡോസ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കുകയും പിന്നീട് രണ്ട് ഡോസ് വാക്സിന് പെരുനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്നും എടുക്കുകയും ചെയ്തു. എന്നിട്ടും കുട്ടിയുടെ ആരോഗ്യനില വഷളാവുകയായതോടെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
കുട്ടിയുടെ മരണത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ മെഡിക്കൽ കോളേജിന് മുന്നിൽ പ്രതിഷേധിച്ചു. പേവിഷ ബാധക്കെതിരായ വാക്സിനെ സംബന്ധിച്ച് നിയമസഭയിലടക്കം ചർച്ചയും ഉയർന്നിരുന്നു. സംസ്ഥാനത്ത് തെരുവുനായ ആക്രമണത്തിൽ പരുക്കേൽക്കുന്നവരുടെ എണ്ണം ആറുവർഷത്തിനിടെ പത്ത് ലക്ഷത്തിലധികമായെന്നാണ് കണക്കുകൾ. ഇതിൽ രണ്ടുലക്ഷത്തോളം പേർക്ക് ഏഴുമാസത്തിനിടെയാണ് കടിയേറ്റത്. 20 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.