സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ.) ബാധിച്ച കുഞ്ഞ് നിർവാൻ്റെ വാർത്ത കുറച്ചു ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടായിരുന്നു. 15 മാസം പ്രായമുള്ള നിർവാൻ്റെ ചികിത്സയ്ക്കായി അമേരിക്കയിൽ നിന്ന് മരുന്നെത്തിക്കാൻ 17.4 കോടി രൂപയായിരുന്നു ആവശ്യം. നിർവാനെ അറിയുന്നവരും അറിയാത്തവരുമായി ലോകത്തിൻ്റെ വിവിധഭാഗങ്ങളിൽ നിന്ന് നിരവധിയാളുകൾ സാമ്പത്തികസഹായം നൽകുകയും ചെയ്തു. എന്നാലിപ്പോൾ ചികിത്സാ ചെലവിലേക്ക് പതിനൊന്ന് കോടി രൂപ നൽകി അജ്ഞാതനായ ഒരു മനുഷ്യസ്നേഹി സഹായിച്ചിരിക്കുന്നു.
തന്നെക്കുറിച്ച് യാതൊന്നും പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടാണ് നിർവാന് വേണ്ടിയുള്ള പണം കൈമാറിയിരിക്കുന്നത്. ഇനി 17.5 കോടിയുടെ മരുന്നിനായി വേണ്ടത് ഒരുകോടിയിൽ താഴെ രൂപ കൂടി മാത്രം. മാതാപിതാക്കളായ തങ്ങൾക്കുപോലും തുക കൈമാറിയയാളെ കുറിച്ച് അറിയില്ലെന്ന് സാരംഗ് മേനോൻ-അദിതി ദമ്പതികൾ പറഞ്ഞു.
മിലാപ് എന്ന ക്രൗഡ്ഫണ്ടിംഗ് പ്ലാറ്റ്ഫോം വഴിയാണ് തുക സ്വരൂപിച്ചതെന്നും തുക നൽകിയ വ്യക്തി അവരെയാണ് ബന്ധപ്പെട്ടതെന്നും അച്ഛൻ സാരംഗ് പറഞ്ഞു. ആരാണെന്നോ എന്താണെന്നോ എന്നൊന്നും കുട്ടിയുടെ മാതാപിതാക്കൾ പോലും അറിയരുതെന്ന് അയാൾ പറഞ്ഞിരുന്നു. പ്രശസ്തിയുടെ ആവശ്യമില്ലെന്നും വാർത്ത കണ്ടപ്പോൾ കുഞ്ഞ് നിർവാൻ എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്ന് കരുതിയെന്നും തുക നൽകിയയാൾ പറഞ്ഞതായി ക്രൗഡ്ഫണ്ടിംഗ് പ്ലാറ്റ്ഫോമിൽ നിന്നറിയിച്ചു- സാരംഗ് പറയുന്നു.
എത്രയും വേഗം കുഞ്ഞിനുള്ള മരുന്ന് മേടിക്കണം എന്നതാണ് അടുത്ത കടമ്പ. യു.എസിൽ നിന്നാണ് മരുന്ന് എത്തിക്കേണ്ടത്, ഇത്രയും വലിയൊരു തുക യു.എസ് ഡോളറിലേക്ക് കൺവെർട്ട് ചെയ്യുമ്പോൾ ഓരോ ബാങ്കിനും ഓരോ ചാർജാണ്. ബാങ്ക് ചാർജ് കൂടുന്നതിന് അനുസരിച്ച് തുകയും കൂടും. അതു കൂടി കണ്ടെത്തേണ്ടി വരുമെങ്കിലും ഒരുകോടിയിൽ താഴെ മാത്രമേ വരൂ. അത് സ്വന്തം നിലയിൽ കണ്ടെത്താമെന്നാണ് കരുതുന്നതെന്നും അതിനായി അൽപം കൂടി സാവകാശം ചോദിക്കുമെന്നും സാരംഗ് പറയുന്നു.
ആറുമാസത്തെ സമയപരിധിക്കുള്ളിൽ തുക കണ്ടെത്താമെന്നാണ് കരുതിയിരുന്നത്. മരുന്ന് കിട്ടാൻ ഇരുപത് ദിവസമെടുക്കും. നിർവാന് രണ്ടുവയസ്സാകാൻ എട്ടുമാസമാണ് ബാക്കി. അതിനുള്ളിൽ മരുന്ന് കിട്ടിയാലേ പ്രയോജനപ്പെടുകയുള്ളൂ. ആ യാത്രയുടെ ദൈർഘ്യം കുറച്ചത് ഒരുപാട് സുമനസ്സുകൾക്കൊപ്പം ഇപ്പോൾ വലിയ തുക നൽകിയ വ്യക്തിയുമാണ്.
സാമ്പത്തിക സഹായം നൽകിയവരെയും അല്ലാത്തവരെയുമൊക്കെ മനസ്സുകൊണ്ട് ചേർത്തുപിടിക്കുകയാണെന്നും സാരംഗ് പറയുന്നു.
നിർവാനിൻ്റെ ഈ യാത്രയിൽ പങ്കുചേർന്ന നിരവധി മനുഷ്യരുണ്ട്. ഭീമമായ തുക നൽകിയയാളിൽ വാർത്ത എത്തും വരെ കൈമാറിയ വ്യക്തികളുണ്ടാവും. പണം ഇല്ലെങ്കിലും ആ വാർത്ത പങ്കുവെച്ച് പ്രാർഥിക്കുന്നു എന്നു പറഞ്ഞവരും ഏറെയുണ്ട്.
72,000 പേരോളം ഇതിനകം വലുതും ചെറുതുമായ തുക നൽകിയത്. ഒരുപാട് പേരുടെ പ്രാർഥനയും സംഭാവനയുമൊക്കെയാണ് ഈ യാത്ര എളുപ്പമാക്കുന്നത്. കുഞ്ഞ് നിർവാനിനെ സ്നേഹിക്കുന്നവരുടെ പ്രാർഥനയും സ്നേഹവുമാണ് എടുത്തുപറയേണ്ടത്. അപരിചിതരായ ആ വ്യക്തിത്വങ്ങൾക്കെല്ലാം പറഞ്ഞാൽ തീരാത്തത്ര നന്ദി അറിയിക്കുന്നുവെന്നും സാരംഗ് കൂട്ടിച്ചേർത്തു.