യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ച ‘വൺ ബില്യൺ മീൽസ്’ പദ്ധതിയിലേക്ക് 20 ദിവസത്തിനുള്ളിൽ ലഭിച്ചത് 750 ദശലക്ഷം ദിർഹം. 120,000 സംഭാവകരിൽ നിന്നാണ് 750 ദശലക്ഷം ദിർഹം സമാഹരിച്ചത്.
കഴിഞ്ഞ വർഷം ആരംഭിച്ച പദ്ധതിയിൽ 50 രാജ്യങ്ങളിലേക്കാണ് സഹായമെത്തിച്ചത്. 2030ഓടെ പട്ടിണി തുടച്ച നീക്കാനുള്ള യു.എന്നിൻറെ ലക്ഷ്യത്തെ പിന്തുണക്കുകയെന്നതും പദ്ധതിയുടെ പ്രചോദനമാണ്. പൊതു-സ്വകാര്യ മേഖലകളിലെ വ്യക്തികൾ, സ്ഥാപനങ്ങൾ, ബിസിനസുകൾ എന്നിവയുൾപ്പെടെ 1.2 ലക്ഷത്തിലധികം ദാതാക്കളിൽ നിന്നാണ് ഇത്രയും സംഭാവനകൾ ലഭിച്ചത്.
2020ൽ 10 മില്യൺ മീൽസ് പദ്ധതിയും 2021ൽ 100 മില്യൺ മീൽസ് കാമ്പയിനും നടപ്പാക്കിയിരുന്നു. ഇതെല്ലാം ജനങ്ങൾ ഏറ്റെടുത്തതോടെയാണ് കഴിഞ്ഞ വർഷം മുതൽ ശതകോടി ഭക്ഷണപൊതികൾ എന്ന പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികൾക്കും പദ്ധതിയിലേക്ക് സംഭാനകൾ നൽകാനാവും. ഭക്ഷണപൊതികളായും വൗച്ചറുകളായുമാണ് ആളുകളിലേക്ക് എത്തുക.10 ദിർഹമാണ് ഏറ്റവും കുറഞ്ഞ സംഭാവന തുക. 1billionmeals.ae എന്ന വെബ്സൈറ്റ് വഴി തുക കൈമാറാം. അല്ലെങ്കിൽ എമിറേറ്റ്സ് എൻ.ബി.ഡിയുടെ പ്രത്യേക ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചും സംഭാവന ചെയ്യാം.