സ്കോട്ലൻഡിലെ ലോക്കർബീക്കു മീതേ പറക്കുകയായിരുന്ന പാൻ അമേരിക്കൻ വിമാനം തകർക്കാനുപയോഗിച്ച ബോംബ് നിർമാതാവ് യുഎസ് കസ്റ്റഡിയിൽ. ലിബിയൻ മുൻ ഏകാധിപതി മുഅമ്മർ ഗദ്ദാഫിയുടെ വിശ്വസ്തനായ ബോംബ് നിർമാണവിദഗ്ധൻ അബു അഗില മസൂദ് വിമാനദുരന്തം നടന്ന് 34 കൊല്ലത്തിനു ശേഷമാണ് പിടിയിലാകുന്നത്.
1988 ഡിസംബർ 21ന് ലണ്ടനിൽനിന്നു ന്യൂയോർക്കിലേക്കു പറക്കുകയായിരുന്ന ബോയിങ് 747 വിമാനമാണ് സ്ഫോടനത്തിൽ തകർന്നുവീണത്. അന്ന് യാത്രക്കാരും പ്രദേശവാസികളും ഉൾപ്പെടെ 270 പേർക്ക് ജീവൻ നഷ്ടമായി. എന്നാൽ രണ്ടു വർഷം മുൻപാണ് മസൂദിനെതിരെ കുറ്റം ചുമത്തി, വിചാരണയ്ക്കായി വിട്ടു കിട്ടാനുള്ള ശ്രമം യുഎസ് ആരംഭിച്ചത്. അതേസമയം ലിബിയയിൽ മസൂദിനെ സായുധ സംഘടന തട്ടിക്കൊണ്ടു പോയതായുള്ള വാർത്തകളും കഴിഞ്ഞ മാസം പുറത്ത് വന്നിരുന്നു.
ലിബിയയിലെ നിഗൂഢകഥാപാത്രമായ ഈ സാങ്കേതിക വിദഗ്ധൻ 2011ൽ ഗദ്ദാഫിയുടെ പുറത്താക്കലിലേക്കു നയിച്ച പ്രതിഷേധങ്ങളിലും പങ്കാളിയായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിന് ശേഷം ഇയാൾ തടവിലായിരുന്നു. ഇയാളുടെ പേര് ലോക്കർബീ കേസിൽ ആദ്യഘട്ട അന്വേഷണത്തിലും ഉൾപ്പെട്ടിരുന്നു. ഈ സമയത്ത് ലിബിയൻ അധികൃതരോട് മസൂദ് നടത്തിയ കുറ്റസമ്മതത്തിന്റെ പകർപ്പു ലഭിച്ചതാണ് യുഎസ് അന്വേഷണത്തിൽ വഴിത്തിരിവായത്.
2001ൽ വിമാനത്തിൽ ബോംബ് വച്ചതിന് ലിബിയൻ ചാരസംഘടനാ ഓഫിസർ അബ്ദുൽ ബാസിത് അൽ മെഗ്രാഹി ശിക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ അർബുദരോഗിയെന്ന പരിഗണന നൽകി സ്കോട്ലൻഡ് സർക്കാർ 2009ൽ ഇയാളെ മോചിപ്പിച്ചു. മൂന്നു വർഷത്തിനു ശേഷം ഇദ്ദേഹം ലിബിയയിലെ ട്രിപ്പോളിയിലുള്ള വീട്ടിൽ വച്ചാണ് മരിച്ചത്. ലിബിയയിൽ യുഎസ് നടത്തിയ ബോംബാക്രമണങ്ങൾക്കു പ്രതികാരമായി ഗദ്ദാഫിയുടെ ചാരന്മാർ ആസൂത്രണം ചെയ്തതായിരുന്നു ലോക്കർബീ ദുരന്തമെന്നാണ് ബ്രിട്ടിഷ് അധികൃതർ അനുമാനിക്കുന്നത്. വിമാനസ്ഫോടനത്തിൽ മരിച്ചവരിൽ 189 പേർ അമേരിക്കക്കാരാണ്.ഇവരെ കൂടാതെ ഏഴ് ഇന്ത്യക്കാരുമുണ്ടായിരുന്നു.