ദുബായ് നൗ ആപ്ലിക്കേഷൻ അഭൂതപൂർവമായ വിജയം കൈവരിച്ചതായി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു. ആപ്പ് ഒരു ദശലക്ഷത്തിലധികം ഉപയോക്താക്കളെ കടന്നതായാണ് അൽ മക്തൂം ട്വീറ്റിലൂടെ അറിയിച്ചത്. പ്ലാറ്റ്ഫോമിലെ 30 ലധികം സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കായി 20 ദശലക്ഷത്തിലധികം ഇടപാടുകൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബായ് നൗ ആപ്ലിക്കേഷൻ, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ദർശനത്തിന്റെ ഭാഗമാണ്. ജനങ്ങളുടെ ജീവിതം സുഗമമാക്കുകയും എല്ലാ സൗകര്യങ്ങളും നൽകുകയും ചെയ്തുകൊണ്ട് ദുബായെ ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കി മാറ്റുക, ഒരൊറ്റ പ്ലാറ്റ്ഫോമിലൂടെ നിരവധി സേവനങ്ങൾ നൽകുക എന്നിവയാണ് ഇതിന്റെ പ്രത്യേകത.