കെ. ബി ഗണേഷ് കുമാര്‍ എം.എല്‍.എയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ഗണേഷിനെ മന്ത്രിയാക്കി മുഖം മിനുക്കാന്‍ നോക്കിയാല്‍ വെളുക്കാന്‍ തേച്ചത് പാണ്ടാകുമെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊള്ളയടിച്ചതിന് ശിക്ഷിക്കപ്പെട്ടയാളുടെ മകനാണ് ഗണേഷ് കുമാര്‍. ഭാര്യയുടെ തല്ല് വാങ്ങിയ മന്ത്രിയാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
‘സ്വഭാവ ശുദ്ധിയില്ലാത്തയാളെയാണോ മന്ത്രിയാക്കുന്നത്? വേഷം മാറും പോലെ ഭാര്യയെ മാറുന്നയാളാണ് ഗണേഷ്. ഭാര്യയുടെ തല്ല് വാങ്ങിയ മന്ത്രിയാണ്. അച്ഛനും മകനും കൂടി മുടിപ്പിച്ചതാണ് ഗതാഗത വകുപ്പ്. വേറെ വകുപ്പ് ചോദിക്കുന്നത് കറന്നു കുടിക്കാനാണ്. കൊള്ളയടിച്ചതിന് ശിക്ഷിക്കപ്പെട്ടയാളുടെ മകനാണ് ഗണേഷ് കുമാര്‍. ഗണേഷും മന്ത്രിയായിരുന്ന കാലത്ത് അഴിമതി ചെയ്തിട്ടുണ്ട്. ജനങ്ങള്‍ വിഡ്ഢികളാണെന്ന് കരുതരുത്,’ വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം ജാതി സെന്‍സസ് നടത്തണമെന്നും സെന്‍സസിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്ക് അധികാരത്തില്‍ പങ്കാളിത്തം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭരണത്തിലുള്ള പങ്കാളിത്തമാണ് പ്രധാനം. അല്ലാതെ സെന്‍സസ് എടുക്കുന്നത് കൊണ്ട് എന്താണ് കാര്യമെന്നും അദ്ദേഹം ചോദിച്ചു.