ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണെ തഴഞ്ഞതിൽ വ്യാപക പ്രതിഷേധം. സഞ്ജു ടീമിലില്ലെന്ന വാർത്ത പുറത്തുവന്നതോടെ ആരാധകരും ക്ഷുഭിതരാക്കിയിരിക്കുകയാണ്. ബിസിസിഐയുടെ സെലക്ഷൻ കമ്മിറ്റിയ്ക്ക് എതിരെ വലിയരീതിയിലുള്ള പ്രധിഷേധമാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധരുടെ ഭാഗത്തുനിന്നും ഉയർന്നു വരുന്നത്.
ടീം പ്രഖ്യാപിച്ചതിന് ശേഷം തന്റെ ഫേസ്ബുക്ക് പേജിൽ സഞ്ജു ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ഈ ഫോട്ടോയ്ക്ക് താഴെയാണ് ആരാധകർ കമന്റുമായി എത്തിയത്. ഇന്ത്യൻ ടീമിൽ നിറ സാന്നിധ്യമായി സഞ്ജു സാംസൺ വരുന്ന നാളുകൾ വിദൂരമല്ല എന്നാണ് ഒരു ആരാധകന്റെ കമന്റ്. പന്തിന് കൊടുത്തതിന്റെ പത്തിലൊരു അവസരം സഞ്ജുവിന് കൊടുക്കാമായിരുന്നില്ലേയെന്നും സഞ്ജുവിനെ ഉൾപ്പെടുത്താതെയുള്ള ഇന്ത്യൻ ടീം, ഏഷ്യകപ്പ് ആവർത്തിക്കും എന്നിങ്ങനെയൊക്കെയാണ് മറ്റ് കമന്റുകൾ. അടുത്ത ജന്മം താങ്കൾ യുപിയിൽ ജനിക്കണമെന്ന് പ്രാർത്ഥിക്കുന്നുവെന്നാണ് ഒരു ആരാധകന്റെ രസകരമായ കമന്റ്.
രോഹിത് ശർമ്മയാണ് ടി 20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ. കെ എൽ രാഹുലാണ് വൈസ് ക്യാപ്റ്റൻ. സഞ്ജുവിന് പുറമേ ആവേശ് ഖാനും മുഹമ്മദ് ഷമിക്കും ടീമിൽ ഇടം നേടാനായില്ല. ഋഷഭ് പന്തും ദിനേശ് കാർത്തികുമാണ് ടീമിലെ വിക്കറ്റ് കീപ്പർമാർ.
ടി 20 ലോകകപ്പ് ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), വിരാട് കൊഹ്ലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, ആർ. അശ്വിൻ, വൈ. ചാഹൽ, അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ, ബുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, അർഷ്ദീപ് സിംഗ്.