നിയമസഭയിൽ നിറത്തിന്റെ പേരിൽ ഏറ്റുമുട്ടി എംഎൽഎമാർ. എം.എം. മണിയും തിരുവഞ്ചൂർ രാധാകൃഷ്ണനുമാണ് നിറത്തിന്റെ പേരിൽ ഏറ്റുമുട്ടിയത്. തിരുവഞ്ചൂർ രാധാകൃഷ്ണന്, ശ്രീകൃഷ്ണന്റെ നിറവും പ്രവൃത്തിയുമാണെന്ന് എം.എം. മണി പറഞ്ഞതോടെയാണ് അതേ നാണയത്തിൽ തിരുവഞ്ചൂരും തിരിച്ചടിച്ചത്.
എം.എം മണിയുടെ നിറം നല്ല വെളുത്തതായതുകൊണ്ട് സാരമില്ലെന്നായിരുന്നു തിരുവഞ്ചൂരിന്റെ മറുപടി. നിയമസഭയിൽ ആഭ്യന്തര വകുപ്പിന്റെ ധനാഭ്യർത്ഥന ചർച്ചയ്ക്കിടെ സംസാരിച്ചപ്പോഴാണ് മണി തിരുവഞ്ചൂർ രാധാകൃഷ്ണനെ പരിഹസിച്ചത്.
നേരത്തെ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ പൊലീസിനെ വിമർശിച്ചിരുന്നു. ഇതോടെ ക്രമപ്രശ്നം ഉന്നയിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എഴുന്നേറ്റു. മണിയുടെ വാക്കുകൾ അതിരുകടക്കുകയാണെന്ന് തിരുവഞ്ചൂർ കുറ്റപ്പെടുത്തി. എനിക്ക് കറുത്ത നിറമാണ്, അദ്ദേഹത്തിന് നല്ല വെളുത്ത നിറമായതിനാൽ ഞാൻ അതേക്കുറിച്ച് തർക്കിക്കുന്നില്ല എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. മണിയുടെ പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു