ഈ കാലത്ത് പലരും ഓൺലൈൻ ഷോപ്പിങ്ങിന് മുൻഗണന കൊടുക്കുന്നവരാണ്. ഏത് സാധനമായാലും ഓൺലൈനിൽ ഓർഡർ ചെയ്താൽ ഉടൻ തന്നെ വീട്ടിലെത്തുകയും ചെയ്യും. എന്നാൽ എളുപ്പമുള്ള വഴിയാണെങ്കിലും നിരവധി പരാതികളും പലരും ഉന്നയിക്കാറുമുണ്ട്.
ഓർഡർ ചെയ്ത സാധനത്തിന് പകരം മറ്റൊന്ന് ലഭിച്ചെന്നുള്ള പരാതികൾ നിരവധിയുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് ഒരു ഡെലിവറിയ്ക്കൊപ്പം വന്ന ക്ഷമാപണകുറിപ്പാണ്. കാശിഷ് എന്ന വ്യക്തിയ്ക്ക് ഓർഡർ ചെയ്ത പുസ്തകത്തിന്റെ മതിയായ സ്റ്റോക്ക് ഇല്ലാത്തതിനാൽ പകരം മറ്റൊരു പുസ്തകമാണ് ലഭിച്ചത്. കാശിഷ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ലഭിച്ച പുസ്തകത്തിന്റെ ഫോട്ടോയും അദ്ദേഹം ഇതിനോടൊപ്പം ചേർത്തിട്ടുണ്ട്.
ആമസോണിൽ നിന്നാണ് പുസ്തകം ഓർഡർ ചെയ്തത്. പക്ഷേ അതിന് പകരം ‘ലുക്കിങ് ഫോർ എ ലഡു’ എന്ന പുസ്തകമാണ് അവർ നൽകിയത്. ഒപ്പം ഒരു ക്ഷമാപണ കുറിപ്പും. പ്രിയ ഉപഭോക്താവേ, ഈ ഓർഡറിന് ക്ഷമ ചോദിക്കുന്നു എന്നാണ് കത്തിന്റെ തുടക്കം. താങ്കൾ ഓർഡർ ചെയ്ത ബുക്കിന്റെ സ്റ്റോക്ക് ഞങ്ങളുടെ കൈയിലുണ്ട്. എന്നാൽ ആ ബുക്കിന് കെടുപാടുകൾ സംഭവിച്ചിരിക്കുകയായിരുന്നു. അതിന് പകരം മറ്റൊരു പുസ്തകം നിങ്ങൾക്ക് അയച്ചുതരികയാണ്. നെഗറ്റീവ് ഫീഡ്ബാക്ക് നൽകരുത്. ഈ ഓർഡർ താങ്കൾ ക്യാൻസൽ ചെയ്യണം എന്നുമാണ് കുറിപ്പിന്റെ പൂർണ രൂപം. നിരവധി പേരാണ് പോസ്റ്റിനടിയിൽ കമന്റുകളുമായി എത്തിയിരിക്കുന്നത്. വളരെ വിചിത്രമായ സംഭവമാണെന്നാണ് പലരും പറയുന്നത്.