കോഴിക്കോട്: റോഡിലെ 360 ഡിഗ്രീ കാഴ്ച നൽകുന്ന ഗൂഗിൾ സ്ട്രീറ്റ് വ്യൂ സർവ്വേ കേരളത്തിൽ അവസാന ഘട്ടത്തിലേക്ക്. സംസ്ഥാനത്തെ പ്രധാന റോഡുകളുടെ 80 ശതമാനവും ഗ്രാമീണ റോഡുകളുടെ 40 ശതമാനവും ഇതിനോടകം ഗൂഗിൾ സ്ട്രീറ്റ് വ്യൂ മാപ്പിൽ ലഭ്യമായി തുടങ്ങി.
ടെക് മഹീന്ദ്ര എന്ന സ്വകാര്യസ്ഥാപനമാണ് ഇന്ത്യയിൽ ഗൂഗിൽ സ്ട്രീറ്റ് വ്യൂ ഒരുക്കാനായി സർവേ നടത്തുന്നത്. ടെക് മഹീന്ദ്രയിലെ 25 ജീവനക്കാർ അടങ്ങുന്ന സംഘമാണ് മാപ്പിംഗിനായി കേരളത്തിൽ എത്തിയത്. ഇവർ പല സംഘങ്ങളായി പിരിഞ്ഞ് വിവിധ ജില്ലകളിൽ സർവേ നടത്തി കൊണ്ടിരിക്കുകയാണ്. അത്യാധുനിക ക്യാമറകൾ സംഘടിപ്പിച്ച പ്രത്യേക കാർ ഉപയോഗിച്ചാണ് സർവ്വേ നടത്തുന്നത്. കാർ കടന്നു പോകുന്ന വഴിയിലെ ദൃശ്യങ്ങളെല്ലാം 360 ഡിഗ്രീ വ്യൂ പോയിൻ്റെ ഗൂഗിൾ മാപ്പിൽ കാണാനാവും.
അമേരിക്കയിലും മറ്റും നേരത്തെ തന്നെ സ്ട്രീറ്റ് വ്യൂ സംവിധാനം പ്രചാരത്തിലുണ്ട്. ഗൂഗിൾ സ്ട്രീറ്റ് വ്യൂ ക്യാമറയിൽ മുഖം കാണിക്കുക എന്നത് അവിടെ പലരുടേയും വിനോദം കൂടിയാണ്. ഇന്ത്യയിലെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇതിനോടകം ഗൂഗിൾ സ്ട്രീറ്റ് വ്യൂ സർവേ പൂർത്തിയായിട്ടുണ്ട്. ദക്ഷിണേന്ത്യയിൽ കേരളത്തിലാണ് ഇനി സർവേ പൂർത്തീകരിക്കാനുള്ളത്. ദേശീയപാതകൾ, സംസ്ഥാന പാതകൾ, പ്രധാന ഗ്രാമീണ പാതകൾ ഇവയെല്ലാം ഇനി ഗൂഗിൾ സ്ട്രീറ്റ് വ്യൂവിൽ ലഭ്യമാകും.