നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി മാധ്യമപ്രവര്‍ത്തക. സുരേഷ് ഗോപി നടത്തിയത് മാപ്പ് പറച്ചിലായി തോന്നുന്നില്ലെന്നും അദ്ദേഹം അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായ സംഭവത്തെ വിശദീകരിക്കുക മാത്രമാണ് ചെയ്തതെന്നും മീഡിയ വണ്‍ സ്പെഷ്യല്‍ കറസ്പോണ്ടന്റ് ആയ മാധ്യമ പ്രവര്‍ത്തക പറഞ്ഞു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യത്തിന് സുരേഷ് ഗോപി മോളേ എന്ന് വിളിച്ച് കൊണ്ട് തോളില്‍ കൈവച്ച് തഴുകി. ആദ്യം കൈ വെച്ചപ്പോള്‍ തന്നെ അത് ബുദ്ധിമുട്ടായി തോന്നിയത് കൊണ്ടാണ് പിന്നോട്ട് പോയത്. രണ്ടാം തവണയും സമാനമായ രീതിയില്‍ കൈവെച്ചപ്പോള്‍ എന്റെ പെട്ടെന്നുള്ള പ്രതികരണമായാണ് കൈ എടുത്ത് മാറ്റിയതെന്ന് മാധ്യമപ്രവര്‍ത്തക പറഞ്ഞു.
തനിക്ക് മോശമായി തോന്നിയെങ്കില്‍ മാപ്പ് എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. അങ്ങനെയല്ല. മറ്റൊരു മാധ്യമപ്രവര്‍ത്തകയ്ക്കും പൊതുഇടങ്ങളില്‍ ഇങ്ങനെ ഒരു സാഹചര്യം ഉണ്ടാകാന്‍ പാടില്ല. സുരേഷ് ഗോപി ചെയ്തത് തെറ്റാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെടുകയും, അതില്‍ അദ്ദേഹം മാപ്പ് പറയുകയുമാണ് ചെയ്യേണ്ടിയിരുന്നത്. ഇത് വിശദീകരണം മാത്രമാണെന്നും മാധ്യമപ്രവര്‍ത്തക പറഞ്ഞു. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അവര്‍ വ്യക്തമാക്കി.
മാധ്യമപ്രവര്‍ത്തകയോട് വാത്സല്യത്തോടെയാണ് പെരുമാറിയതെന്നും അവര്‍ക്ക് അത് മോശമായി തോന്നുകയോ മാനിസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നാണ് സുരേഷ് ഗോപി പോസ്റ്റില്‍ പറയുന്നത്.
‘മാധ്യമങ്ങളുടെ മുന്നില്‍ വെച്ചു വാത്സല്യത്തോടെ തന്നെയാണ് ഷിദയോട് പെരുമാറിയത്.ജീവിതത്തില്‍ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല.
എന്നാല്‍ ആ കുട്ടിക്ക് അതിനെ കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ് എന്റെയും അഭിപ്രായം…ഏതെങ്കിലും രീതിയില്‍ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനിസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. സോറി ഷിദ…,’ എന്നാണ് ഫേസ്ബുക്ക് പോസ്റ്റ്.