കൊച്ചി: ട്വന്റി ട്വന്റി ചീഫ് കോഡിനേറ്റര്‍ സാബു എം ജേക്കബിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. അരിക്കൊമ്പനെ സംരക്ഷിക്കണമെന്നും കേരളത്തിലേക്ക് തിരികെ കൊണ്ടു വരണമെന്നും ആവശ്യപ്പെട്ട് സാബു ജേക്കബ് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളുകയും ചെയ്തു.
തമിഴ്നാട്ടില്‍ നിന്ന് ആനയെ പിടികൂടി കേരളത്തില്‍ എത്തിക്കണമെന്ന് പറയുന്നതില്‍ സംശയമുണ്ടെന്നും അരിക്കൊമ്പന് ഇപ്പോള്‍ എവിടെയാണെന്ന് അറിയാമോ എന്നും കോടതി സാബു ജേക്കബിനോട് ചോദിച്ചു.
തമിഴ്നാട് വനം വകുപ്പ് ആനയെ ഉപദ്രവിച്ചതായി പരാതിയുണ്ടോ? അരിക്കൊമ്പന് ഇപ്പോള്‍ എവിടെയാണെന്ന് അറിയാമോ? ജീവിതത്തില്‍ എപ്പോഴെങ്കിലും ഉള്‍കാട്ടില്‍ പോയ അനുഭവം ഉണ്ടായിട്ടുണ്ടോ എന്നും കോടതി സാബു ജേക്കബിനോട് ചോദിച്ചു.
സാബു ജേക്കബ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്ന കാര്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
കേരള സര്‍ക്കാര്‍ കടബാധ്യതയിലാണ്. അരിക്കൊമ്പന് ദൗത്യത്തിനായി 80 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. തമിഴ്നാട് സര്‍ക്കാര്‍ ആനയെ മാറ്റാന്‍ തയ്യാറായാല്‍ എല്ലാ ചെലവും വഹിക്കാന്‍ തയ്യാറാകുമോ എന്നും കോടതി സാബു ജേക്കബിനോട് ചോദിച്ചു.
കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവിന് തമിഴ്നാട്ടിലെ വിഷയത്തില്‍ എന്ത് കാര്യം? തമിഴ്നാട്ടില്‍ നടക്കുന്ന കാര്യങ്ങളില്‍ പരാതി ഉണ്ടെങ്കില്‍ എന്തുകൊണ്ട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കുന്നില്ലെന്നും കോടതി ചോദിച്ചു.
അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യമായി ചികിത്സ നല്‍കണമെന്നുമായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം. തമിഴ്നാട് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ അരിക്കൊമ്പനെ പിടികൂടിയാല്‍ കേരളത്തിലെത്തിച്ച് ഇവിടുത്തെ മറ്റൊരു ഉള്‍വനത്തിലേക്ക് അരിക്കൊമ്പനെ മാറ്റണമെന്നുമായിരുന്നു ഹര്‍ജിയില്‍ ഉയര്‍ന്ന ആവശ്യം.