ഒമാൻ മുൻ പ്രതിരോധ മന്ത്രി സയ്യിദ് ബദർ ബിൻ സൗദ് ബിൻ ഹാരിബ് അൽ ബുസൈദി അന്തരിച്ചു. ഇദ്ദേഹം 23 വർഷം ഒമാന്റെ പ്രതിരോധ മന്ത്രി സ്ഥാനം വഹിച്ചിട്ടുണ്ട്. 41 വർഷം വിവിധ പദവികളിലൂടെ രാജ്യത്തെ സേവിച്ചു. 1997ൽ അന്തരിച്ച സുൽത്താൻ ഖാബൂസിന്റെ ഭരണത്തിന് കീഴിലാണ് ഇദ്ദേഹം പ്രതിരോധ മന്ത്രി സ്ഥാനം ഏറ്റെടുത്തത്. 2020 വരെ അദ്ദേഹം ഒമാന്റെ പ്രതിരോധ മന്ത്രി പദവിയിൽ തുടർന്നു.
അതേസമയം 1979 മുതൽ 1997 വരെയുള്ള കാലയളവിൽ ഇദ്ദേഹം ഒമാന്റെ ആഭ്യന്തര മന്ത്രിയായി പ്രവർത്തിച്ചു. കൂടാതെ ഈജിപ്തിലും ജോർദാനിലും അംബാസഡർ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ജപ്പാനും ഒമാനും തമ്മിലുള്ള പ്രതിരോധ സഹകരണം വർധിപ്പിക്കുന്നതിന് ഇദ്ദേഹം നൽകിയ മികച്ച സംഭാവനകൾ ശ്രദ്ധേയമാണ്. ഇത് മുൻനിർത്തി ജപ്പാനിൽ നിന്നുള്ള ഓർഡർ ഓഫ് ദി റൈസിങ് സൺ ബഹുമതിയും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.