പ്രവാസത്തിന്‍റെ കൈപ്പുനീരും പേറി പകച്ചുനിന്ന ഒരു പിടി ജീവിതങ്ങളിൽ പുഞ്ചിരി വിടർത്താൻ കഴിഞ്ഞ ചാരിതാർത്ഥ്യത്തിൽ എഡിറ്റോറിയൽ ഒന്നാം വർഷത്തിലേക്ക് കടക്കുകയാണ്. ലോകമെമ്പാടുമുള്ള പ്രവാസികളുടെ ശബ്ദമാവുക എന്ന ലക്ഷ്യത്തോടെയാരംഭിച്ച യാത്രയ്ക്ക് കരുത്തുപകർന്ന പ്രേക്ഷകർക്ക് നന്ദി. ഒന്നാം വർഷത്തിലേക്ക് കടക്കുന്ന നിമിഷത്തിന്‍റെ സന്തോഷം ഞങ്ങളിലൂടെ 50 കുടുംബങ്ങളിലേക്കെത്തുകയാണ്. മുണ്ട് മുറുക്കിയുടുത്ത് തനിക്ക് കിട്ടുന്ന ഓരോ തുട്ടും നാട്ടിലേക്കയക്കുന്ന ആ അച്ഛന്‍റെ അല്ലെങ്കിൽ അമ്മയുടെ കരങ്ങളെ ഞങ്ങൾ ചേർത്ത് പിടിക്കുകയാണ് എഡിറ്റോറിയൽ മാംഗല്യത്തിലൂടെ. തുച്ഛമായ വരുമാനത്തിന് ഗൾഫ് നാടുകളിൽ പണിയെടുക്കുന്ന അർഹരായ 25 പ്രവാസികളുടെ പെൺമക്കളുടെ വിവാഹം എഡിറ്റോറിയൽ ആഘോഷപൂർവം നടത്തുന്നു.