ഡൽഹി: തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു.73 വയസായിരുന്നു. അമേരിക്കയിൽ സാൻ ഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ വച്ച് ഇടിയോപാതിക് പൾമണറി ഫൈബ്രോസിസ് രോഗബാധിതനായി ചികിത്സയിൽ കഴിയവെയാണ് അദ്ദേഹത്തിന്റെ അന്ത്യം. ഏഴ് തവണ ഗ്രാമി അവാർഡിന് നോമിനേറ്റ് ചെയ്യപ്പെട്ട അദ്ദേഹത്തിന് നാല് തവണ ലഭിച്ചിട്ടുണ്ട്.
ഈ വർഷം ഫെബ്രുവരിയിൽ മൂന്ന് ഗ്രാമി അവാർഡുകൾ ലഭിച്ചു. 1951 മാർച്ച് ഒൻപതിന് മുംബയിൽ പ്രശസ്ത തബല മാന്ത്രികൻ ഉസ്താദ് അല്ല റഖ ഖാന്റെ മകനായാണ് ജനനം. സെന്റ് മൈക്കിൾസ് ഹൈസ്കൂളിലും സെന്റ് സേവ്യേഴ്സ് കോളേജിലുമായിരുന്നു വിദ്യാഭ്യാസം. 12-ാം വയസിൽ ആദ്യമായി സ്വതന്ത്രമായി പരിപാടിയിൽ തബല വായിച്ചുതുടങ്ങി. 18-ാം വയസിൽ പണ്ഡിറ്റ് രവിശങ്കറിനൊപ്പം പരിപാടിയിൽ തബല വായിച്ചു.
സംഗീതലോകത്തെ അദ്ദേഹത്തിന്റെ സംഭാവനകൾക്ക് 1988ൽ പദ്മശ്രീയും 2002ൽ പദ്മഭൂഷണും 2023ൽ പദ്മവിഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. കഴിഞ്ഞ ദിവസം രാത്രി അദ്ദേഹം വിടവാങ്ങിയതായി വാർത്ത പ്രചരിച്ചെങ്കിലും ഉസ്താദ് മരിച്ചിട്ടില്ലെന്ന് കുടുംബം വ്യക്തമാക്കിയിരുന്നു. ആശുപത്രിയിൽ അദ്ദേഹം ഗുരുതരാവസ്ഥയിൽ തുടരുകയാണെന്നും എല്ലാവരും പ്രാർത്ഥന തുടരണമെന്നുമാണ് ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നത്.