കോഴിക്കോട്: സംവിധായകൻ രഞ്ജിത്തിനെതിരെ ഗുരുതര ആരോപണവുമായി യുവാവ്. കോഴിക്കോട് സ്വദേശിയായ യുവാവാണ് രഞ്ജിത്ത് തന്നെ പീഡിപ്പിച്ചെന്ന ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. 2012-ൽ ബെംഗളൂരുവിലെ ഒരു ഹോട്ടലിൽ വച്ച് രഞ്ജിത്ത് തന്നെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി എന്നാണ് യുവാവിൻ്റെ പരാതി. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പരാതികൾ അന്വേഷിക്കാൻ സർക്കാർ രൂപീകരിച്ച പ്രത്യേക പൊലീസ് അന്വേഷണ സംഘത്തിന് യുവാവ് പീഡനം സംബന്ധിച്ച പരാതിയും മൊഴിയും നൽകിയിട്ടുണ്ട്.
2012-ൽ കോഴിക്കോട് വച്ച് ബാപ്പൂട്ടിയുടെ നാമത്തിൽ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നതിനിടെയാണ് രഞ്ജിത്തിനെ ആദ്യമായി കാണുന്നത്. ഷൂട്ടിംഗ് കാണാൻ പോയ ഒരു പ്രൊഡക്ഷൻ കൺട്രോളറാണ് സംവിധായകനായ രഞ്ജിത്തിന് അരികിലെത്തിച്ചത്. അവിടെ വച്ച് സിനിമയിൽ അഭിനയിക്കാൻ അവസരം തേടിയ തനിക്ക് രഞ്ജിത്ത് ടിഷ്യൂ പേപ്പറിൽ ഫോൺ നമ്പർ കുറിച്ചു തന്നു. അതിൽ സന്ദേശമയക്കാനും ആവശ്യപ്പെട്ടു.
പിന്നീട് രണ്ട് ദിവസത്തിന് ശേഷം ബെംഗളൂരുവിലെ താജ് ഹോട്ടലിൽ എത്താൻ തന്നോട് ആവശ്യപ്പെട്ടു. രാത്രി പത്ത് മണിയോടെ ബെംഗളൂരുവിലെ ഹോട്ടലിൽ എത്തിയ തന്നോട് ഹോട്ടലിൻ്റെ പിറക് വശത്തെ ഗേറ്റ് വഴി റൂമിലെത്താനാണ് സംവിധായകൻ ആവശ്യപ്പെട്ടത്. മുറിയിലെത്തിയപ്പോൾ തന്നെ നിർബന്ധിച്ച് മദ്യപിച്ചു. പിന്നീട് വിവസ്ത്രനാക്കി പീഡിപ്പിച്ചെന്നും മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്തിയെന്നുമാണ് യുവാവ് ആരോപിക്കുന്നത്.
അതിനിടെ യുവ വനിതാ തിരക്കഥാകൃത്തിനെ ഉപദ്രവിച്ചെന്ന പരാതിയിൽ മുൻകൂർ ജാമ്യം തേടി സംവിധായകൻ വി.കെ.പ്രകാശ് ഹൈക്കോടതിയെ സമീപിച്ചു. പരാതിക്കാരിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് വികെ പ്രകാശിൻ്റെ ഹർജിയിൽ ആരോപിക്കുന്നു. അഭിഭാഷകൻ ബാബു.എസ് നായർ വഴിയാണ് ഹർജി സമർപ്പിച്ചത് പരാതിക്കാരി ഹണിട്രാപ്പ് കേസിലെ പ്രതിയാണെന്നും ഇക്കാര്യം വ്യക്തമാക്കി ഡിജിപിക്കും, പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നൽകിയിട്ടുണ്ടെന്നും വി.കെ.പ്രകാശ് ഹൈക്കോടതിയെ അറിയിച്ചു.