തിരുവനന്തപുരം: കേരള ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയ്ക്ക് സാക്ഷിയായി തിരുവനന്തപുരം. തിരുവനന്തപുരം വെഞ്ഞാറമൂടാണ് നാടിനെ ഞെട്ടിച്ച ക്രൂരകൃത്യം അരങ്ങേറിയത്.
ഇന്ന് വൈകിട്ടോടെയാണ് വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ ഓട്ടോയിൽ എത്തിയ പേരുമല സ്വദേശിയായ 23 -കാരൻ അഫാൻ താൻ രണ്ട് പേരെ വിഷം കൊടുത്തു കൊന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞ്. ഇയാളുടെ വെളിപ്പെടുത്തൽ കേട്ട് പൊലീസ് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് അഞ്ച് പേരുടെ കൊലപാതക വാർത്ത പുറത്തു വരുന്നത്. കൊലപാതകത്തിന് ശേഷം വിഷം കഴിച്ചാണ് പ്രതി സ്റ്റേഷനിൽ എത്തിയത്. വിഷം കഴിച്ചെന്ന് വ്യക്തമായതോടെ പ്രതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പൊലീസ് തിരഞ്ഞെത്തും മുൻപേ തന്നെ ആക്രമിക്കപ്പെട്ട ആറ് പേരിൽ അഞ്ച് പേരും മരിച്ചിരുന്നു. ചുറ്റിക ഉപയോഗിച്ചാണ് എല്ലാവരേയും പ്രതി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ പ്രതിയുടെ മാതാവ് ഷമി ഗോകുലം ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. ഇവർ അർബുദരോഗിയാണെന്നാണ് അയൽവാസികൾ നൽകുന്ന വിവരം. ഷമിയ്ക്ക് മസ്തിഷ്കമരണം സംഭവിച്ചതായിട്ടാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചന.
രണ്ട് ദിവസം മുൻപാണ് പ്രതി അഫാൻ തൻ്റെ പെണ്‍സുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചിറക്കി കൊണ്ടു വരുന്നത്. ഇതുമായി ബന്ധപ്പെട്ട് അഫാൻ്റെ കുടുംബത്തിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നുവെന്നാണ് വിവരം. ഇന്ന് ഉച്ചയോടെയാണ് കൊലപാതക പരമ്പര ആരംഭിക്കുന്നത് എന്നാണ് സൂചന. കല്ലറ പാങ്ങോടുള്ള സ്വന്തം പിതാവ് റഹീമിൻ്റെ ഉമ്മയെ ആണ് പ്രതി ആദ്യം കൊന്നത്. 95 വയസ്സുള്ള മുത്തശ്ശിയെ കൊലപ്പെടുത്തിയ ശേഷം ചുള്ളാളം എസ്.എൻ പുരത്തേക്ക് വന്ന പ്രതി ഇവിടെയുള്ള തൻ്റെ ചെറിയച്ഛൻ ലത്തീഫിനേയും ഭാര്യ ഷാഹിദയേയും കൊലപ്പെടുത്തി. മൂന്ന് പേരേയും ചുറ്റിക കൊണ്ടാണ് തലയ്ക്ക് അടിച്ചാണ് പ്രതി കൊലപ്പെടുത്താൻ ശ്രമിച്ചത്.
ഇതിനെല്ലാം ശേഷമാണ് പേരുമലയിലെ സ്വന്തം വീട്ടിൽ എത്തി സുഹൃത്തായ പെണ്‍കുട്ടിയേയും സഹോദരനും ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയുമായ അഫ്സലിനേയും അഫാൻ കൊലപ്പെടുത്തിയത്. അഫാൻ്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മാതാവ് ഷമി ഗുരുതര നിലയിൽ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഒരു കൊലപാതകം പാങ്ങോട് പൊലീസ് സ്റ്റേഷൻ പരിധിയിലും ബാക്കി കൊലപാതകങ്ങൾ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ പരിധിയിലുമാണ് നടന്നിരിക്കുന്നത്.