കോഴിക്കോട്: താമരശ്ശേരിയിൽ ഭർത്താവിൻ്റെ ക്രൂരമർദ്ദനത്തിന് ഇരയായ യുവതിയുടെ ഗർഭം അലസി. 19-കാരിയായ യുവതി ഭർത്താവായ ബഹാഉദ്ദീൻ അൽത്താഫിൻ്റെ ക്രൂരമർദ്ദനമേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മേശയുടെ കാൽ കൊണ്ടും ഇരുമ്പ് കമ്പി കൊണ്ടുമാണ് ഭർത്താവ് ബാഹവുദ്ദീൻ അൽത്താഫ് യുവതിയുടെ കൈയിലേയും കാലിലേയും എല്ലുകൾ തല്ലിയൊടിച്ചത്.
എല്ലുകൾ ഒടിഞ്ഞും തലയ്ക്കും വയറിനും പരിക്കേറ്റും ഗുരുതരാവസ്ഥയിലാണ് 19-കാരിയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ മുതൽ ഗർഭിണിയായ യുവതിക്ക് രക്തസ്രാവം ഉണ്ടായിരുന്നു. ഈ നിലയിൽ ഗർഭം തുടർന്നാൽ അതു യുവതിക്കും ആരോഗ്യപ്രശ്നം സൃഷ്ടിക്കും എന്നതിനാൽ ഡോക്ടർമാരുടെ നിർദേശത്തെ തുടർന്നാണ് ഗർഭം അലസിപ്പിച്ചത്.
യുവതിയുടെ ഭർത്താവായ ബഹാവുദ്ദീൻ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. 2022 ഒക്ടോബർ രണ്ടിനാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. സംഭവത്തിൽ വധശ്രമമടക്കം വിവിധ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. ബഹാവുദ്ദീൻ ഇപ്പോൾ റിമാൻഡിലാണ്. ബഹാഉദ്ദീൻ സ്ഥിരമായി മദ്യപിച്ചെത്തി ഭാര്യയെ മർദിക്കാറുണ്ടെന്ന് ബന്ധുക്കൾ പറയുന്നു.
ഇയാൾ തൃശൂർ സ്വദേശിയാണ്. വിവാഹം കഴിഞ്ഞ കാലം മുതൽ പെൺകുട്ടിക്ക് ഇയാളിൽ നിന്ന് ശാരീരിക മർദ്ദനം ഏറ്റിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേരിലടക്കം പ്രതി പെൺകുട്ടിയെ മർദ്ദിച്ചതായും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. ബഹാവുദ്ദീനെതിരെ പെൺകുട്ടി നേരത്തെ പൊലീസിന് പരാതി നൽകിയിരുന്നുവെങ്കിലും പിന്നീട് ഒത്തുതീർപ്പാക്കുകയായിരുന്നു.