ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകൻ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു. 85 വയസായിരുന്നു. ബെംഗളുരുവിൽ മകൻറെ വസതിയിലായിരുന്നു അന്ത്യം.പത്രാധിപൻ, തിരക്കഥാകൃത്ത്, എഴുത്തുകാരൻ, നിരൂപകൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച വ്യക്തിയായിരുന്നു.1957-ൽ പ്രസിദ്ധീകരണം തുടങ്ങിയ കെ ബാലകൃഷ്ണൻറെ കൗമുദിയിലാണ് പത്രപ്രവർത്തനം തുടങ്ങിയത്.
പിന്നീട് കലാകൗമുദിയിലേക്ക് മാറി. സമകാലിക മലയാളം വാരികയുടെ സ്ഥാപകപത്രാധിപരായിരുന്നു. 13 വർഷം സമകാലിക മലയാളം വാരികയുടെ പത്രാധിപരായി പ്രവർത്തിച്ച ശേഷമാണ് അദ്ദേഹം ചുമതലയൊഴിഞ്ഞത്.
ഷാജി എൻ. കരുണിന്റെ വിഖ്യാത ചലച്ചിത്രങ്ങളായ പിറവി, സ്വം എന്നീ സിനിമകളുടെ തിരക്കഥാരചനയിലും അദ്ദേഹം പങ്കാളിയായി. ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ പിറവി എന്ന ചിത്രത്തിന്റെ കഥയ്ക്ക് പുറമെ നിർമിച്ചതും അദ്ദേഹമായിരുന്നു. ‘എന്റെ പ്രദക്ഷിണവഴികൾ’ക്ക് 2012-ൽ സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു.