മൈസൂരു: കഴിഞ്ഞ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട മൈസൂരുവിൽ നിർണായക രാഷ്ട്രീയ നീക്കവുമായി ബിജെപി. മൈസൂറു ലോക്സഭാ സീറ്റിൽ മൈസൂരു രാജകുടുംബാംഗം യദുവീർ കൃഷ്ണദത്ത വാഡിയാറെയാണ് ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. സിറ്റിംഗ് എംപി പ്രതാപ് സിംഹയെ മാറ്റിയാണ് മൈസൂർ ലോക്സഭാ മണ്ഡലത്തിൽ നിന്ന് ബിജെപി സർപ്രൈസ് സ്ഥാനാർത്ഥിയായി യദുവീറിനെ മത്സരിപ്പിക്കുന്നത്.
2015 മെയ് 28-ന് തൻ്റെ 23-ാം വയസ്സിലാണ് മൈസൂരു രാജകുടുംബത്തിൻ്റെ തലവനായി യദുവീർ ചുമതലയേറ്റത്. വോഡയാർ രാജവംശത്തിലെ 27-ാമത്തെ രാജാവായിട്ടാണ് ഇദ്ദേഹത്തെ കണക്കാക്കുന്നത്. നിലവിൽ 31 വയസ്സുള്ള യദുവീർ അമേരിക്കയിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
യദുവീറിനെ പോലെ രാഷ്ട്രീയത്തിൽ സജീവമായിരുന്നു അദ്ദേഹത്തിൻ്റെ മുൻഗാമിയായ ശ്രീകണ്ഠദത്ത നരസിംഹരാജ വാഡിയാറും. 1974-ൽ മൈസൂരുവിൻ്റെ അവസാന രാജാവായിരുന്ന ജയചാമരാജ വാഡിയാരുടെ മരണത്തിന് പിന്നാലെയാണ് ശ്രീകണ്ഠദത്ത നരസിംഹരാജ രാജാവായി ചുമതലയേറ്റത്. അഞ്ച് തവണ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച നരസിംഹരാജ ഒരു തവണ ബിജെപിക്ക് വേണ്ടിയും മൈസൂരുവിൽ നിന്നും മത്സരിച്ചു. നാല് തവണയും വിജയിക്കുകയും ചെയ്തു. കോൺഗ്രസിൽ ചേർന്ന് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ നരസിംഹരാജ ഇടക്കാലത്ത് ബിജെപിയിലേക്ക് പോകുകയും പിന്നെ തിരികെ കോൺഗ്രസിലേക്ക് മടങ്ങി വരികയുമായിരുന്നു.
നരസിംഹരാജ വാഡിയാർ 2013-ൽ തൻ്റെ അറുപതാം വയസ്സിലാണ് മരണപ്പെടുന്നത്. നരസിംഹരാജയ്ക്ക് മക്കളില്ലാതിരുന്നതിനാൽ പിന്നീടുള്ള രണ്ട് വർഷം ഔദ്യോഗികമായി രാജകുടുംബത്തിന് തലവനില്ലായിരുന്നു. പിന്നീട് 2015-ലാണ് നരസിംഹരാജയുടെ പത്നി പ്രമോദ ദേവി വാഡിയാർ 14 മാസം നീണ്ട ചർച്ചകൾക്കും അന്വേഷണത്തിനും ഒടുവിൽ ബന്ധുവായ യദുവീറിനെ മകനായി ദത്തെടുക്കാൻ തീരുമാനിച്ചത്. ദത്തെടുക്കൽ ചടങ്ങോടെ യുവരാജാവിനെ യദുവീർ കൃഷ്ണദത്ത ചാമരാജ വാഡിയാർ എന്ന് പുനർനാമകരണം ചെയ്തു. രാജസ്ഥാനിലെ ദുംഗർപൂർ രാജകുടുംബത്തിൽ നിന്നുള്ള ത്രിഷിക കുമാരി വാഡിയറെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. തൃഷികയുടെ അച്ഛൻ ഹർഷവർധൻ സിംഗ് ബിജെപി രാജ്യസഭാ എംപിയായിരുന്നു.
പഴയ മൈസൂരു മേഖലയിൽ (ദക്ഷിണ കർണാടക) രാജകുടുംബത്തിന് ഇപ്പോഴും ജനങ്ങൾക്ക് ഇടയിൽ വലിയ ബഹുമാനവും ആദരവുമുണ്ട്. ഇതു കൂടി കണക്കിലെടുത്താണ് ബിജെപി അദ്ദേഹത്തെ മത്സരത്തിന് ഇറക്കുന്നത്.