ലോകരാജ്യങ്ങളിൽ നിന്നെത്തുന്ന 20 പ്രസിഡൻ്റുമാർക്കും 250 മന്ത്രിമാർക്കും ആതിഥ്യമരുളാനൊരുങ്ങി യുഎഇ. 2023ലെ ലോക സർക്കാർ ഉച്ചകോടി ദുബായ് മദീനത്ത് ജുമേരയിൽ ഫെബ്രുവരി 13 മുതൽ 15 വരെ നടക്കും. ഈജിപ്ഷ്യൻ പ്രസിഡൻ്റ് അബ്ദുൽ ഫത്താഹ് അൽ സിസി, തുർക്കി പ്രസിഡൻ്റ് റജബ് തയ്യിബ് എർദോഗൻ, അസർബൈജാൻ പ്രസിഡൻ്റ് ഇൽഹാം അലിയേവ്, സെനഗൽ പ്രസിഡൻ്റും ആഫ്രിക്കൻ യൂണിയൻ ചെയർപേഴ്സണുമായ മക്കി സാൽ എന്നിവരുൾപ്പെടെ 20 ലോക ഗവൺമെൻ്റ് നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉച്ചകോടിയുടെ 10-ാം പതിപ്പ് നിർണായക ദൗത്യമുള്ള ലോക സർക്കാരുകളുടെ ഏറ്റവും വലിയ സമ്മേളനമാണെന്ന് കാബിനറ്റ് കാര്യ മന്ത്രിയും ലോക ഗവൺമെൻ്റ് ഉച്ചകോടി ചെയർമാനുമായ മുഹമ്മദ് അബ്ദുല്ല അൽ ഗെർഗാവി പത്രസമ്മേളനത്തിൽ പറഞ്ഞു. “ലോക സർക്കാർ ഉച്ചകോടി നമ്മെ മനുഷ്യരായി ഒന്നിപ്പിക്കുന്നത് എന്ത് എന്നതിലും ആളുകൾക്ക് എന്ത് പ്രയോജനം ചെയ്യുന്നു എന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്”. കൂടാതെ രാഷ്ട്രങ്ങൾ അവരുടെ പ്രശ്നങ്ങൾക്കപ്പുറം കാണുകയും, ഭാവിയിലേക്ക് സഹകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“നേട്ടങ്ങളുടെ ഒരു പതിറ്റാണ്ടാണ് ആഘോഷിക്കുന്നത്. ലോക ഗവൺമെൻ്റ് ഉച്ചകോടിക്കിടെ ലോക നേതാക്കൾ അവരുടെ അനുഭവങ്ങളെക്കുറിച്ചും സർക്കാരുകൾക്കായി ഒരു ഏകീകൃത വിധി നിർമ്മിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിക്കുന്നത് കേട്ടു” അൽ ഗെർഗാവി പറയുന്നു. ഇത് അന്താരാഷ്ട്ര സഖ്യങ്ങളുടെയും പങ്കാളിത്തങ്ങളുടെയും ഉച്ചകോടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നയങ്ങൾ രൂപീകരിക്കാനും നയങ്ങൾ പ്രവർത്തനക്ഷമമാക്കുമ്പോൾ തെറ്റുകൾ ഒഴിവാക്കുന്ന അനുഭവവും അറിവും പങ്കിടാനും സർക്കാരുകളെ സഹായിക്കുന്നതിൽ ഉച്ചകോടിയുടെ മുൻ പതിപ്പുകൾ വിജയിച്ചതായി അദ്ദേഹം വിശദീകരിച്ചു. പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള പങ്കാളിത്തം സൃഷ്ടിക്കാനും ഉച്ചകോടി സഹായിക്കുന്നു. കാരണം അവ തന്ത്രങ്ങൾ സൃഷ്ടിക്കുന്നതിൽ സംയുക്ത ഉത്തരവാദിത്തത്തോടെ പരസ്പരപൂരകമാകുന്നു,” അദ്ദേഹം പറഞ്ഞു.