14 വർഷത്തിന് ശേഷം വീണ്ടും വിജയ്ക്കൊപ്പം സ്ക്രീനിലെത്തുന്ന സന്തോഷം പങ്കുവച്ചിരിക്കുകയാണ് തെന്നിന്ത്യൻ താരം തൃഷ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘ദളപതി 67′ ൽ വിജയുടെ നായികയായി വീണ്ടും ഒന്നിക്കുകയാണ്. ഏറെ സന്തോഷമുണ്ട് എന്നുമാണ് തൃഷ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ഏറെ പ്രിയപ്പെട്ടവരും മികച്ച ഒരു ടീമിനുമൊപ്പമുള്ള ഈ ഐതിഹാസിക പ്രോജക്റ്റിന്റെ ഭാഗമാക്കിയതിൽ ടീമിനോട് ഒരുപാട് നന്ദിയുണ്ടെന്നും തൃഷ കൂട്ടിച്ചേർത്തു.
‘കുരുവി’ എന്ന തമിഴ് ചിത്രത്തിലാണ് ഇരുവരും അവസാനം ഒന്നിച്ചത്. ഗില്ലി, തിരുപ്പാച്ചി, ആദി എന്നീ സിനിമകളിൽ ഇവർ താരജോഡികളായി എത്തിയിട്ടുണ്ട്. ദളപതി 67 ഇൽ സംവിധായകൻ ഗൗതം വാസുദേവ് മേനോനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. സഞ്ജയ് ദത്ത്, പ്രിയ ആനന്ദ്, സാൻഡി, മിഷ്കിൻ, മൻസൂര്‍ അലി ഖാൻ, അര്ജുൻ, മാത്യു തോമസ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
സിനിമയുടെ ചിത്രീകരണം ഫെബ്രുവരി ഒന്നിന് കശ്മീരില്‍ ആരംഭിക്കും. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് യുവ സംഗീത സംവിധായകൻ അനിരുദ്ധ് ആണ്. അതേസമയം ഫെബ്രുവരി മൂന്നിന് സിനിമയുടെ പ്രൊമൊ വിഡിയോ പുറത്തുവിടുമെന്നാണ് സൂചനകൾ.