തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ താൻ തിരുവനന്തപുരത്ത് തന്നെ മത്സരിക്കുമെന്ന് ശശി തരൂർ എംപി. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് സാഹചര്യം നോക്കി താൻ തീരുമാനമെടുക്കുമെന്നും പാർട്ടി പറഞ്ഞാൽ തിരുവനന്തപുരത്ത് തന്നെ ലോക്സഭാ തെരഞ്ഞെടുപ്പിനായി മത്സരിക്കുമെന്നും ശശി തരൂർ വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പിനായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ഇതിനോടകം ആരംഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
മത്സരിച്ചാൽ ജയപ്രതീക്ഷയുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് തിരുവനന്തപുരത്ത് നരേന്ദ്രമോദി വന്നു മത്സരിച്ചാലും താൻ വിജയിക്കും എന്നായിരുന്നു തരൂരിൻ്രെ മറുപടി. ലോക്സഭാ തെരഞ്ഞെടുപ്പിൽ വീണ്ടും തിരുവനന്തപുരത്ത് മത്സരിക്കുന്ന കാര്യത്തിൽ പൂർണമായും സജ്ജനായിരുന്നില്ല. പാർലമെൻ്റിലേക്ക് തന്നെ മത്സരിക്കണോ അതോ മറ്റെന്തെങ്കിലും തെരഞ്ഞെടുപ്പ് വേണോ എന്നൊരു സംശയം എനിക്കുണ്ടായിരുന്നു. എന്നാൽ നിലവിലെ ദേശീയസാഹചര്യത്തിൽ വീണ്ടും പാർലമെൻ്റിലേക്ക് മത്സരിക്കാനുള്ള തീരുമാനത്തിൽ ഞാനെത്തി. പാർട്ടി തീരുമാനിച്ചാൽ ഞാൻ വീണ്ടും തിരുവനന്തപുരത്ത് മത്സരിക്കും – തരൂർ വ്യക്തമാക്കി.
രാഷ്ട്രീയത്തിൽ മൂന്ന് വിധത്തിൽ തെരഞ്ഞെടുപ്പുണ്ട്. പല സമയങ്ങളിലാണ് ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കുന്നത്. ഒരോ സമയത്തേയും സാഹചര്യവും അവസ്ഥയും നോക്കി അക്കാര്യത്തിൽ തീരുമാനമെടുക്കും – നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത തള്ളാതെ തരൂർ പറഞ്ഞു.